X

പ്രണബ് മുഖര്‍ജിയുടെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടം; പികെ കുഞ്ഞാലിക്കുട്ടി എംപി

മലപ്പുറം: പ്രണബ് മുഖര്‍ജിയുടെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. രാഷ്ട്രപതി എന്നതിനപ്പുറം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പ്രണബ് മുഖര്‍ജി. രാജ്യംകണ്ട ധനകാര്യ വിദഗ്ധനായിരുന്നു അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആര്‍മീസ് റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയവെയാണ് മരണം. ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ മുതല്‍ തീരെ വഷളായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഓഗസ്ത് 10നാണ് പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതനായ പ്രണബിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്.

ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ് പ്രണബ് മുഖര്‍ജി. ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.

ഇന്ത്യ യുഎസ് ആണവ കരാര്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതു പ്രണബ് മുഖര്‍ജിയായിരുന്നു. 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, പെണ്‍കുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ശ്രദ്ധേയനായി. ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായിരുന്നു.

chandrika: