X
    Categories: CultureMoreViews

പാര്‍ലമെന്റ് സമ്മേളനം: യോജിച്ചു നില്‍ക്കണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് അനുദിനം വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് ഭീകരത ചെറുക്കുന്നതിന് ചെറുതും വലുതുമായ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിനകത്തും പുറത്തും യോജിച്ചുനിന്ന് ശബ്ദമുയര്‍ത്തണമെന്നഭ്യര്‍ത്ഥിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തയച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ശരത് പവാര്‍ (എന്‍.സി.പി), മായാവതി (ബി.എസ്.പി), മമതാ ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), ലാലു പ്രസാദ് യാദവ് (ആര്‍.ജെ.ഡി), അഖിലേഷ് യാദവ് (എസ്.പി), ദേവ ഗൗഡ (ജനതാദള്‍), സീതാറാം യെച്ചൂരി (സി.പി.എം), എസ്. സുധാകര്‍ റെഡ്ഡി (സി.പി.ഐ), ഫാറൂഖ് അബ്ദുല്ല (നാഷണല്‍ കോണ്‍ഫറന്‍സ്) എം.കെ സ്റ്റാലിന്‍ (ഡി.എം.കെ) തുടങ്ങിയവര്‍ക്കാണ് കത്തയച്ചത്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഈ മാസം 17-ന് തുടങ്ങാനിരിക്കെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ കത്ത്.

ന്യൂനപക്ഷ-ദളിത് സംരക്ഷണം, സാമ്പത്തിക അരക്ഷിതാവസ്ഥ, അന്താരാഷ്ട്ര ബന്ധങ്ങളിലെ ചുവടുമാറ്റം, കര്‍ഷകരുടെ ആത്മഹത്യ, അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ, എന്നിങ്ങനെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം തന്നെ ഭരണകൂടത്തിന്റെ പരാജിത മുഖം അനാവൃതമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം അപകടകരമായ ഒരു അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. പശുവിന്റെയും രാജ്യസ്‌നേഹത്തിന്റെയും പേരില്‍ ദളിതുകളെയും ന്യൂനപക്ഷങ്ങളെയും അക്രമിച്ച് കൊണ്ടിരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തി കൂടുന്നു. ഇതിനെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ത്തുന്നതിനായി മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ റാലികളും ഒത്തുചേരലുകളും നടന്നു വരികയാണ്. ഫാഷിസ്റ്റ് ഭീകരതയെ ചെറുക്കുന്നതിന് ഇന്ത്യയിലെ ചെറുതും വലുതുമായ മുഴുവന്‍ മതേതര പാര്‍ട്ടികളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന മുസ്ലിം ലീഗിന്റെ കാലങ്ങളായുള്ള പ്രഖ്യാപിത നിലപാട് പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമായിരിക്കുകയാണ്.പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. – അദ്ദേഹം അഭിപ്രായപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: