X

മലയാളി യുവതിക്ക് ലണ്ടന്‍ കൊച്ചി വിമാനത്തില്‍ സുഖപ്രസവം; എയര്‍ ഇന്ത്യ ജര്‍മനിയിലേക്ക് തിരിച്ചുവിട്ടു

കൊച്ചി: എയര്‍ ഇന്ത്യയുടെ ലണ്ടന്‍ കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പാണ് വിമാനത്തില്‍വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വേദന അനുഭവപ്പെട്ടതോടെ യുവതിയെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ആശുപത്രിയിലെത്തിക്കാന്‍ വിമാനം വഴി തിരിച്ചു വിടുകയായിരുന്നു. ഇതോടെ ആറുമണിക്കൂര്‍ വൈകിയാണ് എയര്‍ഇന്ത്യ വിമാനം കൊച്ചയിലെത്തിയത്.

ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍സമയം ഏഴുമണിക്കാണ് വിമാനം ലണ്ടനില്‍ നിന്ന് പുറപ്പെട്ടത്. അത്താഴം കഴിഞ്ഞ് അല്‍പസമയം പിന്നിട്ടതോടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുന്നതായി കാബിന്‍ ജീവനക്കാരെ അറിയിച്ചു. ഉടന്‍ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് ഡോക്ടര്‍മാരെയും നാല് നഴ്‌സുമാരെയും കണ്ടെത്തി അവരോട് സഹായിക്കാനാവശ്യപ്പെട്ടു. തുടര്‍ന്ന് വിമാനത്തിലെ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറി പ്രസവ മുറിയാക്കി മാറ്റി അവര്‍ പരിചരിച്ചു.

വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യന്‍സ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തില്‍ ആശ്രയമായത്. 7 മാസം ഗര്‍ഭകാലമായപ്പോഴായിരുന്നു പ്രസവം. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നെങ്കിലും 3 മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കല്‍ സഹായം അത്യാവശ്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ആ സമയത്ത് വിമാനം കരിങ്കടലിനു കുറുകെ ബള്‍ഗേറിയന്‍ വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് ഏറ്റവുമടുത്ത ഫ്രാങ്ക്ഫര്‍ട്ട് വിമാനതാവളത്തിലേക്കു തിരിച്ചു വിടാന്‍ അധികൃതരോട് അനുമതി തേടി. രണ്ടു മണിക്കൂറോടെ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലെത്തി.

ഇറങ്ങിയ ഉടന്‍ റിമോട്ട് ബേയിലേക്കു മാറ്റി യുവതിയെയും കുഞ്ഞിനെയും ഇവരുടെ ഒരു ബന്ധുവിനെയും വിമാനത്തില്‍ നിന്നിറക്കി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. പുലര്‍ച്ചെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നു പുറപ്പെട്ട വിമാനം രാവിലെ 9.45നു കൊച്ചിയിലിറങ്ങി. സാധാരണ പുലര്‍ച്ചെ 3.45നാണു കൊച്ചിയിലെത്തേണ്ടത്.

web desk 1: