X

പ്ലസ് വണ്‍ പ്രവേശനം ഇന്ന് മുതല്‍;പകുതിയിലേറെ കുട്ടികള്‍ പുറത്ത്‌

തിരുവനന്തപുരം: ആദ്യഘട്ട അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പ്ലസ് വണ്‍ സീറ്റിന് കടുത്ത ക്ഷാമം. അപേക്ഷിച്ചവരില്‍ പകുതിപ്പേരും മെറിറ്റ് സീറ്റിന് പുറത്തായി. 4,65,219 പേരാണ് അപേക്ഷിച്ചത്. 2,71,136 മെറിറ്റ് സീറ്റില്‍ 2,18,418 പേര്‍ക്കാണ് കിട്ടിയത്. മെറിറ്റില്‍ ബാക്കി 52,718 സീറ്റാണുള്ളത്. 1,21,318 പേര്‍ക്കാണ് ഇത്തവണ എല്ലാറ്റിനും എ പ്ലസ് നേടിയത്. കഴിഞ്ഞവര്‍ഷം ഇത് 41906 മാത്രമായിരുന്നു.

അതായത് എല്ലാറ്റിനും എ പ്ലസ് നേടിയവര്‍ക്ക് പോലും മെറിറ്റ് സീറ്റില്ലാത്ത അവസ്ഥയാണ് നിലവില്‍. മലബാര്‍ ജില്ലകളിലും തിരുവനന്തപുരത്തും 20 ശതമാനം സീറ്റ് കൂട്ടിയെങ്കിലും അത് തികയുന്നില്ല.
പ്രവേശന നടപടികള്‍ ഇന്നുമുതല്‍ തുടങ്ങും. ഇന്ന് രാവിലെ ഒന്‍പത് മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെയാണ് പ്രവേശനം. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം പ്രവേശന നടപടികള്‍ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റില്‍ തന്നെ ഇഷ്ടമുള്ള വിഷയത്തില്‍ പ്രവേശനം കിട്ടാത്തതിന്റെ ആശങ്കക്കിടെയാണ് അഡ്മിഷന്‍ തുടങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. അലോട്ട്‌മെന്റ് പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്. വെബ്‌സൈറ്റുകളിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.

പ്ലസ് വണിന് പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായത്. സാമ്പത്തിക പരിമിതിയുള്ളതിനാല്‍ ഇത്തവണ പുതിയ ബാച്ച് അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ട്രെയല്‍ അലോട്ട്്‌മെന്റ് പൂര്‍ത്തിയപ്പോള്‍ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും പഠിക്കാന്‍ അവസരമില്ലാതെ ബുദ്ധിമുട്ടിലാണ്. സയന്‍സ് കൊമേഴ്‌സ് വിഭാഗങ്ങള്‍ക്ക് ഇത്തവണ വന്‍ തിരക്കാണ്. നല്ല നിലയില്‍ പഠിച്ച് ഉയര്‍ന്ന വിജയം നേടിയവര്‍ പോലും പുറത്താകുന്ന അവസ്ഥയാണ്. പുതിയ ബാച്ചെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെ പ്ലസ് വണ്‍ പ്രവേശനം അവതാളത്തിലാണ്.

 

 

web desk 3: