X

പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത; മുസ്‌ലിം യൂത്ത് ലീഗ് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു

കോഴിക്കോട് : മലബാറിലെ പ്ലസ് വണ്‍ സീറ്റിലെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു.മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷവും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് മലബാര്‍ മേഖലയില്‍ പ്ലസ് വണ്ണിന് അഡ്മിഷന്‍ നേടാനാകാതെ പ്രയാസമനുഭവിക്കുന്നത്. ഇവരില്‍ പലരും ഉന്നത മാര്‍ക്ക് നേടി എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവരാണ്. ഈ സാഹചര്യത്തിലാണ് നിയമ പോരാട്ടത്തിനിറങ്ങാന്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്. ഇതിനായി ഗൂഗിള്‍ ഫോം വഴി എസ്.എസ്.എല്‍.സിക്ക് ഉന്നത മാര്‍ക്ക് നേടിയിട്ടും പ്ലസ് വണ്ണിന് അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ ഡീറ്റെയില്‍സ് കളക്ട് ചെയ്തിരുന്നു.

എല്ലാ വര്‍ഷവും മാര്‍ച്ച് 31ന് മുമ്പ് ഒരു കമ്മറ്റിയെ നിയോഗിച്ച് ജില്ലാ തലത്തില്‍ സീറ്റുകളുടെ എണ്ണത്തിലെ കുറവ് റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സീറ്റുകള്‍ ആ വര്‍ഷം തന്നെ അനുവദിക്കണമെന്നുള്ള ഉത്തരവ് 2015 ല്‍ ഡിവിഷന്‍ ബെഞ്ച് ഇറക്കിയിട്ടുണ്ട്. എന്നാല്‍ 2016 മുതല്‍ ഇത് വരെ മലപ്പുറം ഉള്‍പ്പെടെയുള്ള മലബാറിലെ ജില്ലകളില്‍ ഇത്തരം കുറവുകള്‍ നികത്തിയിട്ടില്ല. 2019 ല്‍ വിദ്യാഭ്യാസ അവകാശം എന്നതില്‍ ഉന്നത വിദ്യഭ്യാസം കൂടി ഉള്‍പ്പെടും എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2022 ല്‍ മലപ്പുറം ജില്ലയില്‍ സീറ്റുകളുടെ എണ്ണം കുറവാണെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തുകയും നികത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുള്ള ഉത്തരവും നിലനില്‍ക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ അഭിപ്രായം കേള്‍ക്കാന്‍ കേസ് ജൂലൈ 24 തിങ്കളാഴ്ച്ചയിലേക്ക് മാറ്റി വെച്ചു. അഡ്വ.മുഹമ്മദ് ഷാ മുഖേനയാണ് ഹൈക്കോടതിയില്‍ യൂത്ത് ലീഗ് റിട്ട് ഫയല്‍ ചെയ്തത്.

 

webdesk11: