X

മന്‍മോഹന്‍ അല്ല മൗനി, മോദിയാണ്; ഇതാ കണക്കുകള്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ പലതവണ മൗന്‍മോഹന്‍ (മൗനിയായ മന്‍മോഹന്‍) എന്ന് വിളിച്ച് പരിഹസിച്ചിട്ടുണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ പാര്‍ലമെന്റില്‍ നരേന്ദ്രമോദിയേക്കാല്‍ കൂടുതല്‍ തവണ സംസാരിച്ചത് മന്‍മോഹന്‍ സിങ് ആണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ആറു വര്‍ഷത്തെ ഭരണകാലയളവില്‍ മോദി പാര്‍ലമെന്റില്‍ മിണ്ടിയത് 22 തവണ മാത്രമാണ്. എന്നാല്‍ പത്തു വര്‍ഷത്തെ കാലയളവില്‍ മന്‍മോഹന്‍സിങ് സംസാരിച്ചത് 48 തവണയും.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഡോ സിങിനെ മൗന്‍മോഹന്‍ എന്ന് വിളിച്ച് മോദി അധിക്ഷേപിച്ചിരുന്നത്. രണ്ടു വര്‍ഷം മാത്രം മാത്രം പ്രധാനമന്ത്രി പദത്തിലിരുന്ന എച്ച്ഡി ദേവഗൗഡ മോദിയേക്കാള്‍ കൂടുതല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തിരുന്നു എന്നും കണക്കുകള്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ 3.6 തവണ മാത്രമാണ് മോദി പാര്‍ലമെന്റില്‍ സംസാരിച്ചിട്ടുള്ളത്.

ഡോ. മന്‍മോഹന്‍ സിങ്

ആറു വര്‍ഷത്തിനിടെ മുന്‍ ബിജെപി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പാര്‍ലമെന്റില്‍ സംസാരിച്ചത് 77 തവണയാണ്. എഴുത്തുകാരായ ക്രിസ്റ്റഫര്‍ ജെഫ്രലോട്ട്, വിഹാന്‍ഗ് ജുംലെ എന്നിവര്‍ എഴുതിയ ലേഖനമാണ് ഇരു സര്‍ക്കാറുകളെയും താരതമ്യം ചെയ്തത്. ലേഖനം ഇന്ത്യന്‍ എസ്പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മോദി സര്‍ക്കാറിന്റേത് ഓഡിനന്‍സ് രാജ് ആണ് എന്നും കണക്കുകള്‍ പറയുന്നു. ഒരു വര്‍ഷം ശരാശരി 11 ഓര്‍ഡിനന്‍സുകളാണ് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. മന്‍മോഹന്‍ സര്‍ക്കാറിന്റേത് ഇക്കാര്യത്തിലുള്ള ശരാശരി ആറ് മാത്രമാണ്. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് കൈമാറുന്നതും മോദി സര്‍ക്കാറിന്റെ കാലയവില്‍ കുറഞ്ഞു.

അതേസമയം, റേഡിയോയും സാമൂഹിക മാധ്യമങ്ങള്‍ വഴിയുമുള്ള സംവാദങ്ങള്‍ ലേഖനത്തില്‍ എടുത്തു പറയുന്നുണ്ട്. 1970കളില്‍ ഇന്ദിരാ ഗാന്ധി ചെയ്തതു പോലെ റേഡിയോയും യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പോലെ സോഷ്യല്‍ മീഡിയയും മോദി ആശയവിനിമയ മാര്‍ഗമായി ഉപയോഗിക്കുന്നു എന്നാണ് ലേഖനം പറയുന്നത്.

Test User: