X

മൂന്നു വയസുകാരിയോട് പൊലീസിന്റെ ക്രൂരത; പെറ്റി അടക്കാത്തതിന് കാറില്‍ പൂട്ടിയിട്ടു

തിരുവനന്തപുരം: അമിതവേഗത്തിന് പെറ്റി അടക്കാത്തതിന് മൂന്നു വയസുകാരി മകളെ കാറില്‍ പൊലീസ് പൂട്ടിയിട്ടെന്ന പരാതിയുമായി ദമ്പതികള്‍. തിരുവനന്തപുരം ബാലരാമപുരം പൊലീസിനെതിരേയാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് പൊലീസിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. അച്ഛനും അമ്മയും ആവശ്യപ്പെട്ടിട്ടും പൊലീസ് താക്കോല്‍ നല്‍കാന്‍ തയ്യാറായില്ല. സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് വിവാദമായത്.

കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. ധനുവച്ചപുരത്ത് നിന്ന് ഷിബുകുമാറും ഭാര്യയും മൂന്ന് വയസ്സുകാരിയായ മകളും കാറില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലരാമപുരത്തിന് തൊട്ടുമുമ്പ് വാഹനവേഗത പരിശോധിക്കുന്ന ഇന്റര്‍സെപ്ടര്‍ വാഹനത്തിലുണ്ടായ പൊലീസുദ്യോഗസ്ഥര്‍ ഷിബുകുമാറിന്റെ വാഹനം തടഞ്ഞു നിര്‍ത്തി.

അമിത വേഗതയ്ക്ക് 1500 രൂപ പിഴ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കയ്യില്‍ പണമില്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. ഇതിനിടയില്‍ ഭാര്യയാണ് വിഡിയോ പകര്‍ത്തിയത്. പണമടച്ചാലോ പോവാന്‍ അനുവദിക്കുകയുള്ളൂ എന്നറിയിച്ച പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കാറില്‍ കയറി താക്കോലെടുത്ത് ലോക്ക് ചെയ്ത് പുറത്തിറങ്ങി. പിന്‍സീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടും തിരിഞ്ഞുനോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് പണം കടംവാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാന്‍ അനുവദിച്ചത്.

web desk 1: