മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സി.പി.എം നേതാവിന് ജാമ്യം ലഭിച്ചത് പൊലീസ് ഓത്തുകളിയുടെ ഭാഗമെന്ന ആരോപണം ശക്തം. പാര്‍ട്ടി നേതാവിനെതിരെ ഉയര്‍ന്ന കേസ് ദുര്‍ബലപ്പെടുത്തി പൊലീസ് ജാമ്യം എളുപ്പമാക്കുകയായിരുന്നുവെന്നാണ് നിയമ വിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നത്.
സാധാരണ ഗതിയില്‍ പോക്‌സോ കേസുകളില്‍ ജാമ്യം ലഭിക്കാന്‍ ചുരങ്ങിയത് 90 ദിവസമെങ്കിലുമെടുക്കും. അന്വേഷണം പൂര്‍ത്തീകരിക്കാന്‍ അത്ര സമയം എടുക്കുമെന്നുള്ളതാണ് വസ്തുത. എന്നാല്‍ പാര്‍ട്ടി നേതാവെന്ന നിലയില്‍ പൊലീസും നേതാക്കളും കൂടുതല്‍ ശുഷ്‌കാന്തിയും പരിഗണന നല്‍കി എന്നതാണ് ഈ കേസില്‍ സംഭവിച്ചത്. രണ്ടു കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കി 20 ദിവസം കൊണ്ടു തന്നെ തെളിവുകള്‍ ശേഖരിച്ചു സാക്ഷി മൊഴികള്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കി എന്ന അത്ഭുതമാണ് ഈ കേസില്‍ സംഭവിച്ചിട്ടുള്ളത്. ഇത്രയധികം ക്രൂരകൃത്യങ്ങള്‍ വിദ്യാര്‍ഥികളോട് ഒരധ്യാപകന്‍ ചെയ്തിട്ടും അതിനെ അനുകൂലിക്കുന്ന പാര്‍ട്ടി നേതാക്കളെ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു.
അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിട്ടും തുടക്കത്തില്‍ തന്നെ പൊലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. പൂര്‍വ വിദ്യാര്‍ഥികളടക്കം വാര്‍ത്ത മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയതോടെയാണ് പൊലീസ് കേസെടുക്കാന്‍ പോലും തയാറായത്. ആദ്യഘട്ടത്തില്‍ 60 വിദ്യാര്‍ഥികളാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ വെറും രണ്ടു കുട്ടികളുടെ കേസ് മാത്രമാണ് അന്ന് എടുത്തിരുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട യുവജന സംഘടനകളെടക്കം രംഗത്ത് വന്നതോടെയാണ് വയനാടിലെ അറസ്റ്റ് നാടകം അരങ്ങേറിയത്. കുടുതല്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും അത് മുഖവിലക്കെടുക്കാതെ വെറും രണ്ടു കേസിലായിരുന്നു പൊലീസ് കേസ്. 38 വര്‍ഷം മലപ്പുറം നഗരത്തിലെ സ്‌കൂളില്‍ അധ്യാപകനായിരുന്ന പ്രതിക്കെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാതിയുമായി എത്തുമെന്ന് സൂചനയുണ്ട്.