X
    Categories: MoreViews

ജെല്ലിക്കെട്ട്: സമരക്കാരെ പൊലീസ് ഒഴിപ്പിക്കുന്നു, കടലില്‍ ചാടുമെന്ന് ഭീഷണി

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ മറീന ബീച്ചില്‍ പ്രക്ഷോഭമിരിക്കുന്നവരെ പൊലീസ് ഒഴിപ്പിക്കുന്നു. എന്നാല്‍ പൊലീസ് നടപടി തുടര്‍ന്നാല്‍ കടലില്‍ ചാടുമെന്ന് സമരക്കാര്‍ ഭീഷണി മുഴക്കി. ഇവരില്‍ ചിലര്‍ കടലിനടുത്തേക്ക് നീങ്ങിയത് ആശങ്കക്കിടയാക്കി. പകുതിയിലേറെ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നാണ് റിപ്പോര്‍ട്ട്. മറീന ബീച്ചിന് പുറത്തും സമരമിരിക്കുന്നവരെ ഒഴിപ്പിക്കുന്നുണ്ട്. തഞ്ചാവൂര്‍, കൃഷ്ണഗിരി, ദണ്ഡിഗല്‍, മധുര എന്നിവിടങ്ങളിലും പൊലീസ് നടപടി തുടരുകയാണ്.

മധുരയില്‍ സംഘര്‍ഷം അരങ്ങേറി. പൊലീസും സമരക്കാരും തമ്മിലാണ് സംഘര്‍ഷം. മറീന ബീച്ചില്‍ വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടേക്കുള്ള എല്ലാ റോഡുകളും പൊലീസ് തടഞ്ഞു. വ്യക്തമായ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവരെ മാത്രമാണ് ഇവിടെക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. അഞ്ചാം ദിവസത്തേക്ക് നീണ്ടസമരം ഇതിനകം തമിഴ്‌നാട് ഒന്നാകെ വ്യാപിച്ചുകഴിഞ്ഞു. ആറു മാസത്തേക്ക് ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പാസായെങ്കിലും സമരക്കാരെ തൃപ്തിപ്പെടുത്തിയിട്ടില്ല.

ജെല്ലിക്കെട്ട് നിരോധനം നീക്കുന്നതിന് ശാശ്വത പരിഹാരം വേണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഇന്നലെ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളില്‍ ജെല്ലിക്കെട്ട് അരങ്ങേറിയിരുന്നു. രണ്ട് മരണം 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി ഒ. പന്നീര്‍ സെല്‍പം മധുരയിലെ അളഗന്നൂരില്‍ ജെല്ലിക്കെട്ട് പരിപാടിയുടെ ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറിയിരുന്നു.

chandrika: