X

‘പൊലീസിന് വീഴ്ചയുണ്ടായി, സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് എന്തിന്‌’:  ഡോ.വന്ദനയുടെ പിതാവ്

ഡോ. വന്ദനാ ദാസിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ അപ്പീൽ നൽകുമെന്ന് വന്ദന ദാസിന്റെ പിതാവ്  മോഹൻദാസ്.  സിബിഐ അന്വേഷണം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുമെന്ന് മോഹൻ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ അന്വേഷണത്തിന് കേരളത്തിനു പുറത്തുള്ള ഏജൻസി വേണമെന്ന് കരുതിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

‘‘കഴിഞ്ഞ ജൂൺ 30 നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. എന്നാൽ കുറ്റപത്രം സമർപ്പിച്ചത് ചൂണ്ടിക്കാട്ടി അന്വേഷണത്തെ അവർ നിരാകരിച്ചു. ഇതുവരെ ഞങ്ങൾ സർക്കാരിനെതിരായി ഒന്നും സംസാരിച്ചിട്ടില്ല. എന്നിട്ടും കഴിഞ്ഞ ഏഴു മാസം കൊണ്ട് 20 തവണ കേസ് പരിഗണിച്ചിട്ടും നീട്ടിക്കൊണ്ടുപോയി. ആറു ജഡ്ജിമാർ മാറി വന്നു. അതിനിടെയാണ് സിബിഐ അന്വേഷണം വേണ്ടെന്ന കോടതി ഉത്തരവ് വരുന്നത്. എന്തിനാണ് മകളുടെ മരണത്തെ സർക്കാർ എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

കഴിഞ്ഞ ജൂൺ 30 നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. ആക്രമണം നടന്ന് നാലര മണിക്കൂറോളം മകൾക്ക് ചികിത്സ ലഭിച്ചില്ല. ചികിത്സ നൽകുന്നതിലും തുടർനടപടിക്രമങ്ങളിലും വീഴ്ച ഉണ്ടായി. സർക്കാരിന്റെ ഭാഗത്തുനിന്നും നിരവധി അന്വേഷണമാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. കൊലപാതകത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കുന്നതിന് കേരളത്തിന് പുറത്തുനിന്നുള്ള ഏജൻസി അന്വേഷിക്കണം എന്ന് മനസ്സിലാക്കിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ നേരിട്ട് ഹാജരായി അന്വേഷണത്തെ എതിർത്തു.

സംഭവം നടന്നപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസുകാർ അക്രമിയെ പിടിച്ചു മാറ്റാൻ പോലും തയാറായില്ല. ഒപ്പമുണ്ടായിരുന്ന എല്ലാവരും ഓടി മാറി. മകൾ നിലവിളിച്ചിട്ടും ആരും അവളെ രക്ഷിക്കാൻ വന്നില്ല. പൊലീസിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാനാവില്ല. മകൾക്ക് പ്രാഥമിക ചികിൽസ പോലും നൽകിയില്ല. മുറിവുകളിലെ രക്തം പോലും തുടച്ചു മാറ്റിയില്ല. ഒരു ഡോക്ടർ പോലും ആംബുലൻസിൽ ഒപ്പം പോയില്ല. പൊലീസിന് വീഴ്ചയില്ലെന്ന് ഹൈക്കോടതി പറഞ്ഞാൽ എങ്ങിനെ ശരിയാവും. എന്‍റെ ഏക മകളല്ലേ, ഞങ്ങൾക്ക് ഇനി വേറെ ആശ്രയമുണ്ടോ, ഞങ്ങൾക്ക് സത്യം അറിയണ്ടേ.’’– മോഹൻദാസ് ചോദിച്ചു.

webdesk14: