X

കോണ്‍ഗ്രസ് ഗുജറാത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന് അഹമദ് പട്ടേല്‍

ന്യൂഡല്‍ഹി: ഗൂഢമായ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് രാഷ്ട്രീയത്തില്‍ വിജയക്കൊടി പാറിച്ച അഹമ്മദ് പട്ടേല്‍ ബ.ജെ.പിക്ക് കൂടുതല്‍ തലവേദനയാവും. രാഷ്ട്രീയ നാടകാന്തം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തിരിച്ചെത്തിയ പട്ടേല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കുന്തമുനയാകുമെന്നാണ് വിലയിരുത്തല്‍.

രാജ്യസഭാ എംപിയായി തിരിച്ചെത്തിയ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷ്യന്‍ അമിത് ഷാക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയത്.

കോണ്‍ഗ്രസ് ഗുജറാത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ പട്ടേല്‍, ബിജെപി സര്‍ക്കാര്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്ത്രങ്ങള്‍ മറികടന്ന് വിജയം നേടിയതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ പട്ടേല്‍ വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ജന്ദര്‍മന്തറില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും ലക്ഷ്യംവച്ചാണ് അദ്ദേഹം പരോക്ഷ വിമര്‍ശം ഉന്നയിച്ചത്.
”ബി.ജെ.പിക്കാര്‍ പോലും ഈ രണ്ടു പേരെ ഭയക്കുകയാണ്. നിങ്ങള്‍ക്ക് അറിയാം ആ രണ്ടു പേരെ. ഒരാള്‍ നിയമമേഖയിലെ അധികാരിയാണ് രണ്ടാമന്‍ അതിനു മുകളിലെ അധികാരിയുമാണ്. അവര്‍ എല്ലാ ഏജന്‍സികളേയും ദുരുപയോഗം ചെയ്യുകയാണ്”, ബി.ജെ.പി നേതൃത്വത്തിന്റെ പേര് പറയാതെ പട്ടേല്‍ പറഞ്ഞു.

ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. കര്‍ഷകരുടെ വരുമാനം വര്‍ധിക്കും, വിലക്കയറ്റവും അഴിമതിയും കുറച്ചുകൊണ്ടുവരും തുടങ്ങി അനേകം വാഗ്ദാനങ്ങളുമായാണ് ബിജെപി എത്തിയത്. എന്നാല്‍ ബി.ജെ.പി എല്ലാ മേഖലയിലും പരാജയപ്പെട്ടുവെന്ന് പട്ടേല്‍ കുറ്റപ്പെടുത്തി. രാജ്യത്തെ യുവാക്കള്‍തന്നെ ബി.ജെ.പിയോട് അധികാരം വിട്ടൊഴിയാന്‍ ആവശ്യപ്പെടുമെന്നും അഹമദ് പട്ടേല്‍ ബിജെപിയെ പരിഹസിച്ചു.

chandrika: