X
    Categories: indiaNews

മലിനീകരണം; കര്‍ണാടക സര്‍ക്കാറിന് 2,900 കോടി പിഴ

ബെംഗളൂരു: ഫലപ്രദമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പാക്കി പരിസ്ഥിതി മലിനീകരണം തടയുന്നതില്‍ പരാജയപ്പെട്ട കര്‍ണാടക സര്‍ക്കാര്‍ 2,900 കോടി രൂപ പിഴയടക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച സംബന്ധിച്ച പരാതികളില്‍ തുടര്‍ച്ചയായ വാദം കേള്‍ക്കലുകള്‍ക്ക് ശേഷമാണ് ഉത്തരവ്.

ഖരദ്രവമാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്നും ഇത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും കനത്ത നാശമുണ്ടാക്കിയെന്നും ഉത്തരവില്‍ പറയുന്നു. പരിസ്ഥിതിക്കുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുകയും നഷ്ടപരിഹാരം കണക്കാക്കുകയും ചെയ്യുകയായിരുന്നു. 2,900 കോടി രൂപ രണ്ട് മാസത്തിനകം പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് എന്‍.ജി.ടി നിര്‍ദേശം.

അടുത്ത ആറ് മാസത്തിനകം പരിസ്ഥിതി പുനഃസ്ഥാപിക്കാന്‍ തുക വിനിയോഗിക്കാം. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് ബാധ്യതയുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. പ്രതിദിനം 15,334 ടണ്‍ ഖരമാലിന്യം ഉല്‍പാദിപ്പിക്കുന്നതില്‍ 9,153 ടണ്‍ മാത്രമാണ് കര്‍ണാടക സംസ്‌കരിക്കുന്നതെന്ന് സര്‍ക്കാര്‍ നല്‍കിയ ഡാറ്റ പരാമര്‍ശിച്ച് എന്‍.ജി.ടി ചൂണ്ടിക്കാട്ടി. അവശേഷിക്കുന്നവ നേരിട്ട് ലാന്‍ഡ്ഫില്ലുകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.

web desk 3: