X

‘ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി’;സംഘപരിവാര്‍ ഭീഷണിക്ക് കവി പ്രഭാവര്‍മ്മയുടെ തകര്‍പ്പന്‍ മറുപടി

കോഴിക്കോട്: എസ്.ഹരീഷിനെതിരായ സംഘപരിവാര്‍ അനുകൂലികളുടെ ഭീഷണിക്ക് പിന്നാലെ കവി പ്രഭാവര്‍മ്മക്കെതിരെയും ഭീഷണി. ഈ ലക്കം കലാകൗമുദിയില്‍ വന്ന ‘ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി’ എന്ന ലേഖനത്തെ മുന്‍നിര്‍ത്തിയാണ് ഭീഷണി.

ഭവഗദ്ഗീതയെക്കുറിച്ച് മേലാല്‍ ഇങ്ങനെ എഴുതരുതെന്ന് ഫോണില്‍ വിളിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പ്രഭാവര്‍മ്മയെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. എന്നാല്‍ ഭീഷണിക്കെതിരെ പ്രഭാവര്‍മ്മ ചുട്ടമറുപടി നല്‍കി. സംഘപരിവാറിന്റെ ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതിയെന്ന് പ്രഭാവര്‍മ്മ പ്രതികരിച്ചു.

ഗീത വായിക്കാ്ന്‍ തനിക്ക് സംഘപരിവാര്‍ തരുന്ന കണ്ണട വേണ്ടെന്നും എഴുതാന്‍ തനിക്ക് പരിവാറിന്റെ അനുവാദവും വേണ്ടെന്നും പ്രഭാവര്‍മ്മ പറഞ്ഞു. ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി. പിന്മാറുന്നവരുടെ നിരയില്‍ പ്രഭാവര്‍മ്മയെ പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചതുര്‍വര്‍ണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം ലേഖനത്തില്‍ എഴുതിയിരുന്നു. ഇതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.

പ്രഭാവര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ ലക്കം കലാകൗമുദിയില്‍ വന്ന ‘ ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി ‘ എന്ന എന്റെ ലേഖനം മുന്‍നിര്‍ത്തി സംഘപരിവാര്‍ ഭീഷണി. 9539251722 എന്ന നമ്പറില്‍ നിന്നാണ് രാത്രി 8.20 ന് ആക്രോശം വന്നത്. ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാല്‍ എഴുതരുത് എന്നു കല്പന. ചാതുര്‍വര്‍ണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും ഞാന്‍ എഴുതിയിരുന്നു. ഗീതയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ലെന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളതും ഞാന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗീതയിലെവിടെയാണിത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു തുടക്കം തന്നെ. ഗീത വായിച്ചിട്ടുണ്ടോ താങ്കള്‍ എന്നു ഞാന്‍ ചോദിച്ചു. ‘ ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം’ എന്നതടക്കമുള്ള ശ്ലാകങ്ങള്‍ ഞാന്‍ ചൊല്ലി കേള്‍പ്പിച്ചു. ഒരു ശ്ലോകമെങ്കിലും ചൊല്ലാമോ എന്നു ഞാന്‍ ചോദിച്ചു. വിവേകാനന്ദ സര്‍വ്വസ്വം എടുത്തു വായിക്കാന്‍ അപേക്ഷിച്ചു. അയാള്‍ ഗീത വായിച്ചിട്ടുണ്ടെന്നോ വിവേകാനന്ദ സര്‍വ്വസ്വം എന്നു കേട്ടിട്ടുണ്ടെന്നോ തോന്നിയില്ല. ആക്രോശമെവിടെ; ശ്ലോകമെവിടെ? ഏതായാലും ഒരു കാര്യം തീര്‍ത്തു പറയാം. ഗീത വായിക്കാന്‍ എനിക്കു സംഘ പരിവാര്‍ തരുന്ന കണ്ണട വേണ്ട. എഴുതാന്‍ എനിക്കു പരിവാറിന്റെ അനുവാദവും വേണ്ട. ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി! പിന്മാറുന്നവരുടെ നിരയില്‍ പ്രഭാവര്‍മയെ പ്രതീക്ഷിക്കേണ്ട പ്രഭാവര്‍മ .

chandrika: