X
    Categories: MoreViews

‘ഇത്രയ്ക്കും തരംതാഴാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയുന്നു’; ഹെഗ്‌ഡെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ്

ബംഗലൂരു: മതേതരവാദികള്‍ പൈതൃകമില്ലാത്തവരാണെന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി ചലച്ചിത്രതാരം പ്രകാശ് രാജ് രംഗത്ത്. ഒരാളുടെ പൈതൃകത്തെപ്പറ്റി മോശം പരാമര്‍ശം നടത്തുംവിധം തരംതാഴാന്‍, തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയായ താങ്കള്‍ക്കെങ്ങനെ കഴിയുന്നുവെന്ന് പ്രകാശ് രാജ് ചോദിച്ചു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്കുള്ള തുറന്ന കത്തിലാണ് പ്രകാശ് രാജിന്റെ വിമര്‍ശനം. മതേതരവാദികളുടെ പൈതൃകത്തെപ്പറ്റിയും രക്തബന്ധത്തെപ്പറ്റിയുമുള്ള താങ്കളുടെ പരാമര്‍ശങ്ങള്‍ തരംതാണതായെന്ന് കത്തില്‍ പറയുന്നു. രക്തം ആരുടെയും മതമോ ജാതിയോ തീരുമാനിക്കുന്നില്ല. മതേതരവാദിയാകുകയെന്നാല്‍ ഒരാള്‍ മതത്തോടോ വിശ്വാസത്തോടോ ചേര്‍ന്നുനില്‍ക്കുന്നില്ല എന്നല്ല. മതങ്ങളുടെ വൈവിധ്യത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് മതേതരത്വമെന്നും പ്രകാശ് രാജ് പറയുന്നു.

ഞായറാഴ്ച കര്‍ണാടകത്തില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രി മതേതരവാദികളെപ്പറ്റി വിവാദപരാമര്‍ശം നടത്തിയത്. മതേതരവാദികള്‍ പൈതൃകമില്ലാത്തവരാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടന കാലത്തിനനുസരിച്ച് മാറ്റിയെഴുതണമെന്നും അതിന് ഞങ്ങളിവിടെയുണ്ടെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു.

‘മതേതരര്‍ എന്നും പുരോഗമനവാദികള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണ്. അത്തരം തിരിച്ചറിയലുകളിലൂടെയാണ് ഒരാള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നത്’ എന്ന് പറഞ്ഞ ആനന്ത്കുമാര്‍ ഹെഗ്‌ഡെ, ഓരോരുത്തരും മുസ്ലീം ആയും ക്രിസ്ത്യാനിയായും ബ്രാഹ്മണനായും ലിങ്കായത് ആയും ഹിന്ദുവായും തിരിച്ചറിയുകയാണെങ്കില്‍ താന്‍ സന്തുഷ്ടനാണ് എന്നും അഭിപ്രായപ്പെട്ടു. ‘പക്ഷെ അവര്‍ മതേതരാണ് എന്ന് പറയുന്നിടത്താന് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ‘ നൈപുണ്യ വികസനത്തിന്റെയും സംരംഭകത്വത്തിന്റെയും ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രിയാണ് ഹെഗഡെ.

മുന്‍പ്, ഹിന്ദുത്വവും ദേശീയതയും താരതമ്യം ചെയ്ത അനന്ത്കുമാര്‍ ഹെഗ്‌ഡെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും ശക്തമയ വിമര്‍ശനവുമായി പ്രകാശ് രാജ് രംഗ്‌ത്തെത്തിയിരുന്നു.

chandrika: