X

നാഗ്പൂര്‍ സന്ദര്‍ശനം; രാഹുലിന്റെ ഇഫ്താറിലേക്ക് പ്രണബിന് ക്ഷണമില്ല

ന്യൂഡല്‍ഹി:മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടിയിലേക്ക് ക്ഷണമില്ല. പ്രമുഖ വ്യക്തികളെ ക്ഷണിച്ച വിരുന്നിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പ്രണബിനും ക്ഷണമില്ലെന്നാണ് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലാണ് ഇഫ്താര്‍ വിരുന്നൊരുക്കിയിരിക്കുന്നത്. ഇവിടേക്ക് പ്രമുഖ വ്യക്തികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പ്രണബിനും കെജ്രിവാളിനും ക്ഷണമില്ല.

നേരത്തെ, ആര്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നടപടിയെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചെങ്കിലും രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും പ്രതികരിച്ചിരുന്നില്ല. പിന്നീട് സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റെ പ്രതികരണം പുറത്തുവന്നിരുന്നു. പ്രണബില്‍ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നായിരുന്നു പട്ടേലിന്റെ പ്രതികരണം. ഇത് സോണിയയുടെ പ്രതികരണമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തുടര്‍ന്നാണ് ഇഫ്താര്‍ വിരുന്നില്‍ നിന്നൊഴിവാക്കിയ വാര്‍ത്ത പുറത്തുവരുന്നത്. പ്രണബ് കുമാര്‍ മുഖര്‍ജി അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നും ശിവസേന പ്രഖ്യാപിച്ചിരുന്നു.

chandrika: