X
    Categories: MoreViews

അറബി ഭാഷ സംരക്ഷിക്കാനുള്ള കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം

 

ദോഹ: അറബി ഭാഷയെ സംരക്ഷിക്കാനുള്ള കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ശൂറാ കൗണ്‍സിലിന് കരട് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. അമീരി ദിവാനില്‍ ഇന്നലെ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി അധ്യക്ഷത വഹിച്ചു.
നിയമ കാര്യ മന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഹസന്‍ ബിന്‍ ലഹ്ദാന്‍ അല്‍ഹസന്‍ അല്‍മഹ്്മൂദ് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വിശദീകരിച്ചു.
കരട് നിയമ പ്രകാരം സര്‍ക്കാര്‍ സര്‍ക്കാരിതര സംഘങ്ങള്‍ അറബി ഭാഷ സംരക്ഷണത്തിനുള്ള പിന്തുണ നല്കുകയും അവര്‍ നടത്തുന്ന എല്ലാ പരിപാടികളിലും അത് ഉറപ്പ് വരുത്തുകയും വേണം.സര്‍ക്കാര്‍ സ്ഥാപനങ്ങളും, സര്‍ക്കാരേതര സ്ഥാപനങ്ങളും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും, അവര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും അറബി ഭാഷ സംരക്ഷിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു.
സര്‍ക്കാര്‍ ഫണ്ട് പറ്റുന്ന മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍, പൊതുജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ, അവയുടെ യോഗങ്ങള്‍, ചര്‍ച്ചകള്‍, തീരുമാനങ്ങള്‍, നിയമ നിര്‍മാണം, രേഖകള്‍, കോണ്‍ട്രാക്റ്റുകള്‍, കത്തിടപാടുകള്‍, പ്രോഗ്രാമുകള്‍, പ്രസിദ്ധീകരണങ്ങള്‍, അതുപോലെ മറ്റു ആശയ വിനിമയങ്ങളും അറബി ഭാഷയില്‍ ആയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്.
നിയമം പ്രാബല്യത്തില്‍ വന്ന് ആറു മാസത്തിനുള്ളില്‍ എല്ലാവരും ഇത് പ്രാവര്‍ത്തികമാക്കാന്‍ ബാധ്യസ്ഥരാണ്. കൂടുതല്‍ കാലത്തേക്ക് ഇതേ കാലയളിവില്‍ നീട്ടിനല്‍കാന്‍ ക്യാബിനറ്റിന് അധികാരമുണ്ടായിരിക്കും. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും സ്ഥിതി വിവര സമിതിക്ക് രുപം നല്‍കാനുള്ള മന്ത്രിതല സമിതിയുടെ തീരുമാനത്തിനും മന്ത്രി സഭ ഇന്നലെ അംഗീകാരം നല്‍കി. മരണങ്ങളും ജനനനങ്ങുമായി ബന്ധപ്പെട്ട് ഒരു സ്ഥിര സമിതി രൂപീകരിക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ തീരുമാനത്തിനും അംഗീകാരം നല്‍കി.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ മന്ത്രി സഭ സ്വാഗതം ചെയ്തു. ഖത്തറും അമേരിക്കയും തമ്മില്‍ ബന്ധം ശക്തമാക്കുന്നതിന് യാത്ര ഉപകരിച്ചെന്നും പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രപുമായും ഉന്നത ഉദ്യോഗസ്ഥരുമായും അമീര്‍ നടത്തിയ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ വളര്‍ച്ചയുടെ പുതിയ അടയാളപ്പെടുത്താലായെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.

chandrika: