X

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിന്‍ഹ നാളെ പത്രിക നല്‍കും

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹ നാളെ പത്രിക സമര്‍പ്പിക്കും. കാലത്ത് 11.30ന് പ്രതിപക്ഷ കക്ഷി നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും പത്രികാ സമര്‍പ്പണം.

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരെ ഫോണില്‍ വിളിച്ച് മത്സരിക്കുന്ന കാര്യം അറിയിച്ചതായും പിന്തുണ അഭ്യര്‍ത്ഥിച്ചതായും സിന്‍ഹ വ്യക്തമാക്കി. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, നയതന്ത്രജ്ഞനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായിരുന്ന ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ആ ദ്യം പരിഗണിച്ചിരുന്നത്. മൂവരും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് മുന്‍ ബി.ജെ.പി നേതാവ് കൂടിയായ യശ്വന്ത് സിന്‍ഹയുടെ പേര് ഉയര്‍ന്നുവന്നത്.തന്റെ പേര് പ്രതിപക്ഷം പൊതു സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചതില്‍ സന്തോഷമുണ്ട്. ഇത് തനിക്കുള്ള ആദരമായി കാണുന്നു. ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായും സിന്‍ഹ പറഞ്ഞു.

Chandrika Web: