X

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പേര് നിര്‍ദ്ദേശിക്കാതെ സമവായത്തിനില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: രാഷ്ടപതി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് യെച്ചൂരി ആവശ്യം ഉന്നയിച്ചത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങും വെങ്കയ്യ നായിഡുവുമാണ് സീതാറാം യെച്ചൂരിയുമായി ചര്‍ച്ച നടത്തിയത്. ഡല്‍ഹി സിപിഎം ഓഫിസായ എകെജി ഭവനിലായിരുന്നു കൂടിക്കാഴ്ച.

അതേസമയം സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിക്കാതെ സമവായ ചര്‍ച്ചക്ക് എത്തിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് യെച്ചൂരി എതിര്‍പ്പ് പ്രകടിപ്പിച്ചു. കേന്ദ്രം പൊതുസ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിച്ചില്ലെന്നും. അതില്ലാതെ എങ്ങനെയാണ് ചര്‍ച്ച നടക്കുകയെന്നും സിപിഎം ജനറല്‍ സെക്രട്ടറി ചോദിച്ചു. വിഷയം മന്ത്രിമാരുമായി ചര്‍ച്ചചെയ്തതായും മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തിയാകണമെന്നും ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പുമുള്ള വ്യക്തിയാകണം പൊതുസ്ഥാനാര്‍ത്ഥിയെന്നും യെച്ചൂരി വ്യക്തമാക്കി.

ഇക്കാര്യം ചര്‍ച്ച ചെയ്യാനായി തന്നെ സമീപിച്ച കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവിനോട് അരുണ്‍ ജെയ്റ്റ്‌ലിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. ചര്‍ച്ചക്കുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.

chandrika: