X

തുടര്‍ഭരണത്തിന്റെ അഹങ്കാരം

ഫൈസല്‍ മാടായി

റേഷനരി വാങ്ങി കഞ്ഞികുടിക്കാമെന്ന് വിചാരിച്ചാല്‍ ഇപോസ് കുരുക്കില്‍ കുടുക്കി വട്ടംചുറ്റിക്കുകയാണ് സര്‍ക്കാര്‍. പുകച്ച് ചാടിക്കുമെന്നപോല്‍ പുകപടലങ്ങളാല്‍ ജനങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതിലേക്കും എത്തിയിരിക്കുന്നു തുടര്‍ഭരണത്തിലെ അഹങ്കാരം. ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരണം തേടിയ പ്രതിപക്ഷാംഗങ്ങളെ തല്ലിയൊതുക്കും ഭരണപക്ഷ ധാര്‍ഷ്ട്യത്തിന് സ്പീക്കറും ചൂട്ടുപിടിക്കുമ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത സാഹചര്യങ്ങള്‍ക്കാണ് ഓരോ ദിവസവും നിയമസഭ സാക്ഷ്യംവഹിക്കുന്നത്. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു പിണറായിയുടെ രണ്ടാം ഭരണം. കേന്ദ്രം ഭരിക്കും നരേന്ദ്ര മോദി എന്ത് ചെയ്യുന്നുവോ അതേ നാണയത്തിന്റെ അപ്പുറവും ഇപ്പുറവുമെന്ന പോല്‍ വാഴുകയാണ് പിണറായിയും.

നെറികേടിന്റെ, കെടുകാര്യസ്ഥതയുടെ അടയാളമായിമാറുന്ന ഭരണം. അനീതിക്കെതിരെ പ്രതിഷേധിച്ചാല്‍, പ്രതികരിച്ചാല്‍ മുഖ്യമന്ത്രി കോപിക്കുമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. പ്രതിപക്ഷത്തിന് നിയമസഭയിലും യുവജന സംഘടനകള്‍ക്ക് തെരുവിലും പ്രതിഷേധിക്കാന്‍പോലും അവകാശമില്ലെന്നായിരിക്കുന്നു.

തുടര്‍ഭരണം ജനജീവിതംതന്നെ ദുസ്സഹമാക്കി എന്തും ചെയ്യാമെന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായിയും കൂട്ടരും. വിലക്കയറ്റം കൊണ്ട് ദൈനംദിന ജീവിതം അവതാളത്തിലായ ജനത്തിന്‌മേല്‍ നികുതിയിനത്തില്‍ അധിക ഭാരവും സെസും വെള്ളക്കര വര്‍ധനവുമായി സാധാരണക്കാരന്റെയെന്നല്ല, ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്ത് നില്‍ക്കുന്നവരെയും കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍. ഇന്ധന വില വര്‍ധനവ് പിടിച്ച് നിര്‍ത്തുന്നതിന്പകരം നികുതിയും സെസും കൊണ്ട് ജനത്തെ കൊടും ദാരിദ്രത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാറിനെതിരെ സി.പി.എം അണികളില്‍ നിന്നുള്‍പ്പെടെ ഇടതുപക്ഷത്ത്‌നിന്നും മുറുമുറുപ്പ് ശക്തമാണ്.

അയല്‍ സംസ്ഥാനങ്ങള്‍പോലും അതത് സര്‍ക്കാറിന്റെ മിടുക്കില്‍ ജനജീവിതം ദുസ്സഹമാകാതിരിക്കാന്‍ നടപടികള്‍ കൈകൊള്ളുമ്പോള്‍ കര്‍ഷകരുടെയും സാധാരണക്കാരുടെയും പക്ഷമെന്ന് മേനി നടിക്കുന്നവരുടെ പാര്‍ട്ടി ഭരിക്കുമ്പോള്‍ ജീവിത ദുസ്സഹമാക്കിയ ഭരണവര്‍ഗത്തിന്റെ കഴിവുകേട് ഓര്‍ത്ത് പരിതപിക്കുകയാണ് തൊഴിലാളികള്‍ ഉള്‍പ്പെടുന്ന വലിയ വിഭാഗം. പൊതുവിപണിയിലെ വിലക്കയറ്റം പോലും പിടിച്ച്‌നിര്‍ത്താനാകാത്ത സര്‍ക്കാറായി അധപതിച്ചിരിക്കുന്നു പിണറായി സര്‍ക്കാറെന്ന് പാര്‍ട്ടി അണികള്‍ വരെ സമ്മതിക്കുന്നു. വിലക്കയറ്റത്തിനും നികുതി ഭാരത്തിനും വെള്ളക്കര വര്‍ധനവിനുമെതിരെ സാധാരണക്കാരന്‍ മനസ് തുറക്കുമ്പോള്‍ ന്യായീകരിക്കാന്‍പോലും സാധിക്കാത്ത അവസ്ഥയിലെത്തിയിരിക്കുന്നു നേതൃത്വം. ജനങ്ങളെ പിടിച്ച്പറിക്കും പിണറായി സര്‍ക്കാറിനെ വെള്ളപൂശാനാകാത്തവിധം മിണ്ടാട്ടമില്ലാതായിരിക്കുന്നു സമൂഹമാധ്യമങ്ങളില്‍ വാഴ്ത്തുപാട്ട് പാടും സൈബര്‍ പോരാളികള്‍ക്ക്. ഇതുപോലൊരു ഭരണം ചരിത്രത്തിലിത് വരെയുണ്ടായിട്ടില്ലെന്നത് ഇടതുപക്ഷ ബുദ്ധിജീവികള്‍ പോലും സമ്മതിക്കും. എന്നാല്‍ തുറന്ന്പറയാന്‍ അവരുടെ നാവ് പൊന്തുന്നില്ലെന്ന് മാത്രം. പിണറായി ഭക്തിയില്‍ അവരുടെ വാ മൂടപ്പെട്ടിരിക്കുന്നു. തെരുവില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവരെ തല്ലിചതച്ചാലും സാംസ്‌കാരിക ലോകത്ത് വിരാചിക്കും ബുദ്ധിജീവികള്‍ പ്രതികരിക്കില്ല.

മതത്തിന്റെ പേരില്‍ സാമൂഹ്യ ജീവിതം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സജീവമാകുമ്പോഴും ചെറുവിരലനക്കുന്നില്ല ഭരകൂടം. സമുദായ സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ യാതൊരു ഇടപെടലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നതാണ് സത്യം. നാടിന്റെ ഐക്യത്തെ കുറിച്ച്, സൗഹാര്‍ദത്തെ കുറിച്ച് വാചാലമാകുന്നതല്ലാതെ പ്രായോഗികമായ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കുറ്റവാളികളെ നിലനിര്‍ത്താനും പൊലീസിനെ നിയന്ത്രിക്കാനുമാകാത്തവിധം പരാജയമാണ് ആഭ്യന്തരം. പൊലീസിന് നീതിപൂര്‍വം, നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കാനാകാത്ത വിധം കൂച്ചുവിലങ്ങിട്ടിരിക്കുകയാണ് സര്‍ക്കാര്‍. പൊലീസ്‌സ്റ്റേഷന്‍ പാര്‍ട്ടി നിയന്ത്രിക്കും അവസ്ഥയില്‍ സാധാരണക്കാരന് നീതി നിഷേധിക്കും അവസ്ഥയിലെത്തിച്ചിരിക്കുന്നു. ലഹരിക്കെതിരെ ബോധവത്കരണമെന്ന പേരില്‍ നാടകവും #ാഷ് മോബും നടത്തുന്നതല്ലാതതെ ലഹരി ഉപയോഗത്തിനെതിരെ പ്രായോഗികമായൊന്നും ചെയ്യുന്നില്ല. ലഹരി മാഫിയക്കും സ്വര്‍ണകടത്ത് ക്വട്ടേഷന്‍ സംഘത്തിനും വാഴാന്‍ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ ഭരണകൂടം. പാര്‍ട്ടി ഗുണ്ടകളെ പോലെ നിയമസഭയുടെ അകത്തളങ്ങളില്‍ സ്പീക്കറുടെ, മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങളും ഗുണ്ടാഭരണത്തിലേക്ക് അധംപതിച്ചിരിക്കുന്നു പിണറായി നയിക്കും തുടര്‍ഭരണം.

 

webdesk11: