X

പ്രധാന മന്ത്രി കേരളം സന്ദര്‍ശിക്കണം പ്രളയം: രക്ഷാ പ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം

 

തിരുവനന്തപുരം: പ്രളയം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കേരളം നേരിടുന്ന അതീവഗുരുതരമായ സ്ഥിതി വിശേഷം നേരില്‍ കണ്ട് മനസിലാക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന് കത്തയച്ചു. ഈ അടിയന്തിര സാഹചര്യം നേരിടാന്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് അനുവദിക്കണമെന്നും രക്ഷാ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ കൂടുതല്‍ കേന്ദ്ര സേനയെ അയക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന സര്‍ക്കാരിനോ, സര്‍ക്കാരിന്റെ ഏജന്‍സികള്‍ക്കോ മാത്രമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്തത്ര ഗുരുതരമായ അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്ഥിതി കൈവിട്ട അവസ്ഥയിലാണിപ്പോള്‍. കേരളത്തില്‍ കാസര്‍കോട് ഒഴികെയുള്ള ജില്ലകളെല്ലാം വെള്ളത്തിലാണ്. അതീവ ഗുരുതരമായി ബാധിച്ചിരിക്കുന്നത് പത്തനംതിട്ട, എറണാകുളം ജില്ലകളെയാണ്. എറണാകുളത്തെ ആലുവ, വടക്കന്‍ പരവൂര്‍, അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം സ്ഥിതി അതീവ ഗുരുതരമായ അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ വടക്കേ ഇന്ത്യയില്‍ ചെയ്യാറുള്ളത് പോലെ അടിയന്തിരമായി രക്ഷാ പ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യത്തെ ഏല്പിക്കുകയാണ് വേണ്ടത്.
ഉത്തരഖണ്ഡ്, ബീഹാര്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സൈന്യം വേഗത്തിലും ഫലപ്രദമായും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതേ പോലെ കേരളത്തിലും സൈന്യത്തിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ വേണ്ടത്. നേവി, എയര്‍ഫോഴ്സ്, കരസേന എന്നിവയെ രക്ഷാ പ്രവര്‍ത്തനം ഏല്പിക്കാതെ മറ്റൊരു മാര്‍ഗവുമില്ല. ഒരു മിനിട്ട് താമസിക്കാതെ സൈന്യത്തെ ഏല്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

chandrika: