X

പ്രധാനമന്ത്രിയുടെ സുരക്ഷ: സന്ദര്‍ശന സുരക്ഷാ വിവരങ്ങള്‍ വാട്‌സ്ആപ്പില്‍; മുഖ്യമന്ത്രി വിശദീകരണം നല്‍കണം- വി.മുരളീധരന്‍

പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം.

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാന്‍ പറ്റാത്തവരാണ് ഭരണത്തിലെന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ട റിപ്പോര്‍ട്ട് വാട്‌സ് ആ പ്പില്‍ പ്രചരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് മുരളീധരന്‍ ആരോപിച്ചു.

എ.ഡി.ജി.പി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോര്‍ന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങള്‍ അടക്കമുള്ളവയാണിവ. 49 പേജുള്ള റിപ്പോര്‍ട്ടില്‍ വി.വി.ഐ.പി സുരക്ഷയുടെ സമഗ്രവിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണിത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോര്‍ന്നുവെന്നതില്‍ അന്വേഷണം എ.ഡി.ജി.പി ഇന്റലിജന്‍സ് ടി.കെ. വിനോദ് കുമാര്‍ ആരംഭിച്ചു. മാറ്റം വരുത്തി പുതിയ സ്‌കീം തയ്യാറാക്കുകയാണിപ്പോള്‍.

ഇതിനിടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചു. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എ.ഡി.ജി.പി ഇന്റലജന്‍സിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

 

webdesk14: