X
    Categories: MoreViews

ഒരു വിഭാഗം സ്വകാര്യ ബസുകള്‍ നാളെ പണിമുടക്കും

തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വകാര്യബസ് ഉടമകള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. അതേസമയം നാളത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ വ്യക്തമാക്കി. ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് മന്ത്രി തോമസ് ചാണ്ടി ഉറപ്പുനല്‍കിയ സാഹചര്യത്തിലാണിത്.
കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം തുടങ്ങിയ സംഘടനകളും നാളത്തെ പണിമുടക്കില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കുള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, 140 കി.മീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക, സ്റ്റേജ് ക്യാരേജുകള്‍ക്ക് വര്‍ധിപ്പിച്ച റോഡ് നികുതി പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരിക, ഇന്‍ഷ്വുറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്് സമരം. പണിമുടക്കിന് ശേഷവും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത പക്ഷം സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി.

chandrika: