X

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്: ഇന്റലിജൻസ് അന്വേഷണം ഊര്‍ജിതമാക്കി

കോഴിക്കോട്: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനു ഏര്‍പ്പെടുത്തിയ നിയന്ത്രണം കടുപ്പിച്ചതോടെ ഇന്റലിജൻസ് അന്വേഷണം ഊര്‍ജിതമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കുകളിലും മറ്റും രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തിവരുകയാണ്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും വിവരമുണ്ട്.

സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം കടുപ്പിച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതിഷേധം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ടുനീങ്ങുന്നത്.

ഡിസംബര്‍ 28നാണ് സ്വകാര്യ പ്രാക്ടീസ് കടുപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ അടക്കം സേവനം നടത്തുന്നുണ്ടെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് പരിശോധന ഊര്‍ജിതമാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ സേവനത്തിനുശേഷം വൈകുന്നേരങ്ങളിലും രാത്രിയിലും ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയ അടക്കം നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്.

മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്താമെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ സാധ്യതയുള്ള രോഗികളെ ചികിത്സിക്കരുതെന്നാണ് പുതുതായി ഇറക്കിയ ഉത്തരവിലെ നിര്‍ദേശം. എന്നാല്‍, നിലവില്‍ ഗൈനക്കോളജിസ്റ്റുകള്‍ അടക്കം വീട്ടില്‍ സ്കാനിങ് വരെ സജ്ജീകരിച്ചാണ് പ്രാക്ടീസ് നടത്തുന്നത്. ഇത്തരക്കാര്‍ പിന്നീട് റഫറല്‍ സംവിധാനം വഴി പ്രസവത്തിന് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാവുകയാണ് പതിവ്.

 

webdesk14: