X

ഹിമാചലില്‍ കോണ്‍ഗ്രസിന്റെ കിങ് മേക്കറായി പ്രിയങ്ക ഗാന്ധി

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സ്വന്തം തട്ടകത്തില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസിന്റെ കിംഗ് മേക്കറായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പുതിയ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ കീഴിലായിരുന്നു പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയും ആരോഗ്യകാരണങ്ങളാല്‍ സോണിയ ഗാന്ധിയും പ്രചരണ പരിപാടിയില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകയായിരുന്നു പ്രിയങ്ക ഗാന്ധി.

 

 

ഹിമാചല്‍ പ്രദേശുകാരുടെ മനസ്സറിഞ്ഞുള്ള പ്രചരണമാണ് പ്രിയങ്ക ഗാന്ധി തുടക്കം മുതലേ നടത്തിയത്. അധികാരത്തിലേറിയാല്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനര്‍ സ്ഥാപിക്കുമെന്നും കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ അഗ്‌നി പഥ് പദ്ധതി നിര്‍ത്തലാക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. കൂടാതെ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ, ഒരു ലക്ഷം സര്‍ക്കാര്‍ ജോലി, യുവാക്കള്‍ക്ക് അഞ്ച് ലക്ഷം തൊഴില്‍, മൊബൈല്‍ ചികിത്സ യൂണിറ്റ് തുടങ്ങി ഗ്രാമീണരുടെ മനസ്സില്‍ ഇടം പിടിക്കുന്ന ഒട്ടേറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു നല്‍കിയിരുന്നത്. ഇത് താഴെത്തട്ടില്‍ മികച്ച രീതിയിലുള്ള ഫലം ലഭിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സ്വന്തം തട്ടകത്തില്‍ ബിജെപിയെ തോല്‍പ്പിച്ചത് പ്രിയങ്കയുടെ ഒരു സ്വകാര്യ വിജയം കൂടിയാണ്. ഈ വര്‍ഷം ആദ്യം നടന്ന യുപി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണ തലപ്പത്ത് പ്രിയങ്ക ഗാന്ധി ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ തിളങ്ങാന്‍ കോണ്‍ഗ്രസിനായില്ല. എന്നാല്‍ ഇതിനൊക്കെയുള്ള മറുപടിയയാണ് ഇന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പിടിച്ചടക്കിയിരിക്കുന്നത്.

adil: