X
    Categories: indiaNews

വസ്ത്രധാരണം സ്ത്രീയുടെ അവകാശം;ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി

ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

അതേസമയം ഹിജാബ് വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. ഹിജാബ് വിലക്ക് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം. ഭരണഘടന അനുസരിച്ച് മുന്നോട്ടു പോകണമെന്ന് വിദ്യാര്‍ത്ഥികളോട് കോടതി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ ശാന്തരാകണം. ഭരണഘടനയാണ് കോടതികളുടെ ഭഗവത് ഗീതയെന്നും ഹൈക്കോടതി പറഞ്ഞു. കേസ് കോടതി ഇന്ന് ഉച്ചക്ക് 2.30ന് വീണ്ടും പരിഗണിക്കും. ഇതിനിടെ ഹിജാബ് വിവാദം കത്തിനില്‍ക്കെ കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. സംഘ്പരിവാര്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനകള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹൈസ്‌കൂളുകളും കോളജുകളും മൂന്നു ദിവസത്തേക്ക് അച്ചിടാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദേശം നല്‍കിയത്.

വിദ്യാര്‍ത്ഥികളും അധ്യാപകരും കോളജ് അധികൃതരും നിലവിലെ സാഹചര്യത്തില്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.അതേസമയം ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി സര്‍ക്കാര്‍ ജൂനിയര്‍ കോളജിലെ അഞ്ച് വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 25 അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് ഹിജാബ് നിരോധനമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ദേവാട്ട് കാമത്ത് വാദിച്ചു. ഹിജാബ് വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി അഞ്ചിനു പുറപ്പെടുവിപ്പിച്ച ഉത്തരവ് ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. തെരുവില്‍ അക്രമങ്ങള്‍ നടക്കുന്നത് നല്ല ലക്ഷണമല്ലെന്നായിരുന്നു കോടതി പ്രതികരണം.

വിദ്യാര്‍ത്ഥികള്‍ അക്രമിക്കുന്നതും വിദ്യാര്‍ത്ഥികളെ മറ്റുള്ളവര്‍ അക്രമിക്കുന്നതും അവസാനിപ്പിക്കണം. ടി.വിയില്‍ രക്തം കണ്ടാല്‍ ന്യായാധിപന്മാര്‍ അസ്വസ്ഥരാകുമെന്നും കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാര്‍ത്ഥികളോട് സമാധാനം പാലിക്കാനും കോടതി ആവശ്യപ്പെട്ടു.

 

web desk 3: