X

ക്ഷേത്രങ്ങളിലെ പരിശീലന വിലക്ക്; അസഹ്യതയോടെ ആര്‍എസ്എസ്

ക്ഷേത്രങ്ങളില്‍ പരിശീലനവും പ്രതിഷേധ നാമജപവും കൊടി തോരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ ആര്‍.എസ്.എസിന് അസഹ്യത. ദേവസ്വം ബോര്‍ഡ് സര്‍ക്കുലറിനെതിരെ ഉടന്‍ പ്രതിഷേധങ്ങള്‍ക്കിറങ്ങില്ലെങ്കിലും വിഷയം പഠിച്ച് നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കാനാണ് സംഘടനയുടെ ആലോചന.

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിലും മിത്ത് പരാമര്‍ശത്തിന്റെ പേരിലും നടത്തിയതു പോലെ നാമജപങ്ങള്‍ ഇനി നടക്കാതിരിക്കാനാണ് ബോര്‍ഡിന്റെ പുതിയ സര്‍ക്കുലറെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍.

കൊടി തോരണങ്ങള്‍ സ്ഥാപിക്കരുതെന്ന ഉത്തരവിലൂടെ, ഹിന്ദു ആചാരപ്രകാരം കാവി പതാകയും ചിഹ്നങ്ങളും ക്ഷേത്രങ്ങളില്‍ സ്ഥാപിക്കുന്നതിന് തടസ്സമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസ് നേതൃത്വം പറയുന്നു.

ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് സംഘടനയുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിനും ആയോധന പരിശീലന മുറകള്‍ ഉള്‍പ്പെടെ മാസ്സ്ഡ്രില്‍ നടത്തുന്നതിനും നേരത്തെ മുതല്‍ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാര്‍, അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍മാര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ബോര്‍ഡിന്റെ അനുമതിയില്ലാതെ അനധികൃതമായി ക്ഷേത്ര വസ്തുവില്‍ കയറി ആര്‍.എസ്.എസും തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ കൂട്ടായ്മകളും പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു.

ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് നല്‍കുന്നതടക്കം നിയമനടപടികള്‍ സ്വീകരിക്കുകയും വിവരം ദേവസ്വം ബോര്‍ഡിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ആവശ്യമെങ്കില്‍ പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റേയും സേവനം ആവശ്യപ്പെടുമെന്നും സര്‍ക്കുലറിലൂടെ അറിയിച്ചു.

ക്ഷേത്ര കാര്യങ്ങളുമായി ബന്ധമില്ലാതെ ചിലരുടെ ചിത്രങ്ങള്‍, ഫ്‌ളക്‌സുകള്‍, കൊടി തോരണങ്ങള്‍, രാഷ്ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട് ചിഹ്നങ്ങള്‍ എന്നിവ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അടിയന്തിരമായി നീക്കണം.

ആര്‍എസ്എസിന്റേയും തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനയുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നതോ ആയോധന പരിശീലന മുറകള്‍ ഉള്‍പ്പെടെ മാസ്സ്ഡ്രില്‍ നടത്തുകയോ ചെയ്യുന്നുണ്ടോയെന്ന പരിശോധനയുടെ ഭാഗമായി രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ മിന്നല്‍ പരിശോധന നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ക്ഷേത്ര ഉപദേശകസമിതികളെ കൂടാതെ യാതൊരു സമിതികളും ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കില്ല. ക്ഷേത്രോത്സവങ്ങള്‍, ചടങ്ങുകള്‍ എന്നിവയുടെ നോട്ടീസ്, ലഘുലേഖ എന്നിവയില്‍ വ്യക്തികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.

 

webdesk13: