X

സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് പ്രചരണം; തോമസ് ഐസക്കിന് നോട്ടീസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാര്‍ മിഷനറി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ്. യുഡിഎഫിന്റെ പരാതിയിലാണ് നോട്ടീസ്.

മൂന്ന് ദിവസത്തിനകം തോമസ് ഐസക് വിശദീകരണം നല്‍കണമെന്ന് നോട്ടീസിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്‍ക്കുമായിരുന്നു യുഡിഎഫ് ചെയര്‍മാന്‍ വര്‍ഗീസ് മാമന്‍ പരാതി നല്‍കിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ തോമസ് ഐസക്കിന്റെ മുഖാമുഖം പരിപാടിയില്‍ കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സന്റെ ഓഡിയോ സന്ദേശം വിവാദമായിരുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഡിസ്‌ക്കിന്റെ ജീവനക്കാരെയും ഹരിത സേനയേയുമാണ് തോമസ് ഐസക്ക് പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്നതെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.

കെഡിസ്‌ക്കിന്റെ കണ്‍സള്‍ട്ടന്റുകള്‍ വീടുകള്‍ കയറി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന വ്യാജ വാഗ്ദാനം നല്‍കുകയാണെന്നും പരാതിയില്‍ പറയുന്നു. അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി തിരഞ്ഞടുപ്പിന് വേണ്ടി തോമസ് ഐസക്ക് വിവരശേഖരണം നടത്തുകയാണ്.

ഇക്കാര്യം തോമസ് ഐസക്ക് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ തന്നെ സൂചിപ്പിച്ചതായും യുഡിഎഫ് പറയുന്നു. കെ ഡിസ്‌ക്കിലെ യുവ കണ്‍സള്‍ട്ടന്റുകള്‍ ഡേറ്റാ ബേസ് ഉണ്ടാക്കി തിരഞ്ഞെടുപ്പ് പ്രചാരകരായി പ്രവര്‍ത്തിക്കുകയാണെന്നും യുഡിഎഫിന്റെ പരാതിയില്‍ പറയുന്നു.

webdesk13: