X

ട്രംപിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്രംപിനെതിരെ അമേരിക്കയിന്‍ വന്‍ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് നിയുക്ത പ്രസിഡന്റിനെതിരെ രംഗത്തിറങ്ങിയത്. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. ഒരു പ്രസിഡന്റിനെതിരെ അമേരിക്ക കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാകും നടക്കാന്‍ പോകുന്നതെന്നു പൗരാവകാശ സംഘടനകളും സ്ത്രീ സംഘടനകളും മുന്നറിയിപ്പ് നല്‍കി.
ഏകാധിപതിയായ പ്രസിഡന്റായി വാഴാമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരുതുന്നതെങ്കില്‍ തിരിച്ചടിക്കുമെന്ന് റവറന്റ് അല്‍ ഷാര്‍പ്ടന്റെ നേതൃത്വത്തില്‍ അണിനിരന്ന പ്രക്ഷോഭകര്‍ പറഞ്ഞു. കൊടും തണുപ്പിനെ അവഗണിച്ച് സ്ത്രീകളടക്കം ആയിരക്കണക്കിനാളുകള്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി. യുഎസിലെ പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനും വര്‍ണ വിവേചനത്തിനെതിരായ വാഷിങ്ടണ്‍ മാര്‍ച്ചില്‍ മാര്‍ടിന്‍ ലൂഥര്‍ കിങ്ങിനൊപ്പം പങ്കെടുത്തതുമായ ജോണ്‍ ലുയിസിനെ അപമാനിച്ചുകൊണ്ട് ട്രംപ് നടത്തിയ പ്രസ്താവനയും വിവാദമായി. ഇതിനെതിരെയും പൗരവാകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ദിവസം വരെ തെരുവില്‍ തുടരുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. യുഎസ് ക്യാപിറ്റോളില്‍ നിന്നു മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള നാഷണല്‍ മാളിനു സമീപത്താണ് പ്രക്ഷോഭകര്‍ തമ്പടിച്ചത്. ട്രംപിന്റെ വിവാദ നിലപാടുകള്‍ ഓരോന്നിനെതിരെയും ശക്തമായ മൂദ്രാവാക്യമുയര്‍ത്തിയാണ് ജനങ്ങള്‍ തെരുവിലൊത്തു കൂടിയത്. ന്യൂന പക്ഷങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരായുള്ള ട്രംപിന്റെ വിവാദ നയത്തെയും പ്രവര്‍ത്തകരും സംഘടനകളും ചോദ്യം ചെയ്തു. അമേരിക്കയില്‍ ഏറെ സ്വീകാര്യത നേടിയ ഒബാമ കെയര്‍ അട്ടിമറിക്കാനുള്ള ട്രംപിന്റെ തീരുമാനവും എതിര്‍പ്പിനിടയാക്കി.
പ്രതിഷേധത്തില്‍ അമേരിക്കയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആഫ്രോ-അമേരിക്കകാരുടെ ബന്ധുക്കളും, ഹിസ്പാനിക്ക് വിഭാഗക്കാരും, എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍ പെടുന്നവരും പ്രകടനത്തില്‍ പങ്കെടുത്തു. വംശീയവെറി പടര്‍ത്തുന്ന ട്രംപിന്റെ നിലപാടിനെതിരെ ആര്‍ജവത്തോടെ പോരാടണമെന്നും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.
ഈ മാസം 21 മുതലാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടുക. വനിതകള്‍ പങ്കെടുക്കുന്ന റാലിയോടെയാണ് പ്രതിഷേധം ആരംഭിക്കുക.

chandrika: