X

ജി20-യില്‍ ട്രംപ്-പുടിന്‍ കൂടിക്കാഴ്ച്ച; ഹാംബെര്‍ഗില്‍ തെരുവില്‍ തീയിട്ട് പ്രതിഷേധക്കാര്‍

ഹാംബെര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടി രണ്ടാം ദിവസത്തേക്ക് പ്രവേശിച്ചപ്പോള്‍ പ്രതിഷേധം ആളിക്കത്തുന്നു. ട്രംപ് ഉള്‍പ്പെടെയുള്ള രാഷ്ട്രതലവന്‍മാരുടെ നയങ്ങളില്‍ പ്രതിഷേധിക്കുന്നവരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും ശക്തമായി.

ഇരകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 196 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 83 പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും 19 പേര്‍ കസ്റ്റഡിയിലുണ്ടെന്നും പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്കു പുറമെ നിരവധി പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഉച്ചകോടി ആരംഭിച്ച ഇന്നലെ പ്രതിഷേധക്കാര്‍ തെരുവില്‍ തീയിട്ടു. പോലീസ് തടഞ്ഞ പ്രതിഷേധക്കാര്‍ കടകള്‍ കത്തിച്ചും വാഹനങ്ങള്‍ റോഡില്‍ കൂട്ടിയിട്ടും കത്തിക്കുകയായിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

എല്ലാ തരത്തിലുമുള്ള സമാധാനപരമായ പ്രതിഷേധപ്രകടനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്നും എന്നാല്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ജനങ്ങളുടെ ജീവന്‍ അപകടപ്പെടുത്തുമെന്നും ജെര്‍മന്‍ ചാന്‍സ്‌ലര്‍ ആംഗേല മെര്‍ക്കര്‍ പറഞ്ഞു. പ്രതിഷേധക്കാരെ പ്രതിരോധിച്ച് ഉച്ചകോടി സുഗമമമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ രാഷ്ട്രതലവന്‍മാര്‍ പ്രശംസിച്ചു. തങ്ങള്‍ക്ക് പ്രതിഷേധക്കാരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. അതിനിടെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. 2016-ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുകളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്തു. സിറിയന്‍ യുദ്ധമുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ചര്‍ച്ച ഉണ്ടായെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചു. സിറിയയില്‍ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.

chandrika: