X
    Categories: Views

കുവൈത്തില്‍ പൊതുമാപ്പ്; അനധികൃത താമസക്കാര്‍ക്ക് പിഴകൂടാതെ മടങ്ങാന്‍ അവസരം

 

കുവൈത്തില്‍ 25 ദിവസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ ഇതോടെ അവസരം ലഭിക്കുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. അതെ സമയം പിഴ അടച്ച് രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താമസ രേഖ നിയമവിധേയമാക്കാനും അവസരം നല്‍കും. പൊതുമാപ്പ് കാലയളവിനുശേഷവും രാജ്യത്ത് തുടരുന്നവരെ പിടികൂടുന്നതിനായി കര്‍ശനമായ പരിശോധനയും പിടിക്കപ്പെടുന്നവര്‍ക്ക് കനത്തപിഴയും ശിക്ഷയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനധികൃത താമസക്കാര്‍ക്കു താമസസൗകര്യം നല്‍കുന്നവരും ശിക്ഷിക്കപ്പെടും. പ്രവാസ സമൂഹത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു പൊതുമാപ്പ്. കുവൈത്തില്‍ ഒരുലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് കണക്ക്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത് 2011 മാര്‍ച്ച് ഒന്നു മുതല്‍ ജൂണ്‍ 30വരെയായിരുന്നു. അന്ന് രാജ്യത്തുണ്ടായിരുന്ന അനധികൃത താമസക്കാരില്‍ 25 ശതമാനത്തോളം ആളുകള്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയെന്നാണ് കണക്കുകള്‍. ഇതില്‍ പതിനയ്യായിരത്തോളം പേര്‍ ഇന്ത്യക്കാരായിരുന്നു.
പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് സ്‌പോണ്‍സര്‍മാരില്‍ നിന്നും അത് ലഭ്യമാക്കുന്നതിനും ഒളിച്ചോടിയ കേസുകളും മറ്റും ഒഴിവാക്കാനും മറ്റും കുവൈത്തികളുമായി സംസാരിക്കുന്നതടക്കം അന്ന് കുവൈത്ത് കെ.എം.സി.സി. നല്‍കിയ സേവനങ്ങള്‍ ഇപ്രാവശ്യവും തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.
ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങളും പേപ്പര്‍വര്‍ക്കുകളും ചെയ്യാന്‍ പ്രത്യേക ഹെല്‍പ്‌ഡെസ്‌ക് അബ്ബാസിയയിലെ കുവൈത്ത് കെ.എം.സി.സി. ഓഫീസില്‍ തുടങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു.

chandrika: