X
    Categories: indiaNews

സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് കുളിക്കണം; നിര്‍ദേശവുമായി നാട്ടുകൂട്ടം

 

ജയ്പുര്‍: ‘പാപക്കറ കഴുകിക്കളയാന്‍’ സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് കുളിക്കണമെന്ന് നിര്‍ദ്ദേശിച്ച് രാജസ്ഥാനിലെ സികാര്‍ ജില്ലയിലുള്ള ഖാപ് പഞ്ചായത്ത് (നാട്ടുകൂട്ടം). അമ്മായിയും അനന്തരവനും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.

പുരുഷന്‍ 31,000 രൂപയും സ്ത്രീ 22,000 രൂപയും കെട്ടിവച്ചാല്‍ മാത്രമെ സമൂഹവുമായി ഇടപെടാന്‍ അനുവദിക്കൂവെന്നും ഖാപ് പഞ്ചായത്ത് വിധിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഓഗസ്റ്റ് 21 നാണ് സംഭവം നടന്നത്. ഖാപ് പഞ്ചായത്തിന്റെ ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ നൂറുകണക്കിനുപേര്‍ എത്തിയെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് കുളിക്കുന്നതിന്റെ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും നിരവധി പേര്‍ പകര്‍ത്തുകയും ചെയ്തു.

സാന്‍സി സമുദായത്തില്‍പ്പെട്ട സ്ത്രീയ്ക്കും പുരുഷനുമാണ് ഖാപ് പഞ്ചായത്തിന്റെ അപരിഷ്‌കൃത വിചാരണ നേരിടേണ്ടിവന്നത്. ഇതോടെ, സാന്‍സി സമാജ് അംഗങ്ങള്‍ ഖാപ് പഞ്ചായത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി.

സ്ത്രീയില്‍നിന്നും പുരുഷനില്‍നിന്നും ഖാപ് പഞ്ചായത്ത് ഈടാക്കിയ തുക തിരികെ നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും സാമൂഹ്യ അകലം പാലിക്കാതെ സംഘം ചേര്‍ന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടങ്ങിക്കഴിഞ്ഞുവെന്നും സംഭവത്തിന്റെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്നും സികാര്‍ എസ്.പി ഹംഗന്‍ദീപ് സിംഗ്ല പറഞ്ഞു.

web desk 1: