X

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി, സിദ്ദീഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം: പി.വി അബ്ദുല്‍ വഹാബ് എം.പി

കോഴിക്കോട്: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് പി.വി അബ്ദുല്‍ വഹാബ് എം.പി കത്തയച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ട് വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്നു. വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.ഹാത്രസിലെ ദാരുണസംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദീഖിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നേരത്തെ രാജ്യസഭയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോള്‍ കോവിഡ് ബാധിതനായി മഥുര മെഡിക്കല്‍ കോളേജില്‍ ദുരിതത്തില്‍ കഴിയുകയാണ് അദ്ദേഹം. സിദ്ദീഖ് കാപ്പനെ അടിയന്തരമായി മഥുര മെഡിക്കല്‍ കോളേജില്‍നിന്ന് ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (എയിംസ്) മാറ്റണം. മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു പൗരന്‍ എന്ന നിലയില്‍ സിദ്ദീഖിനു വേണ്ടി ഇടപെടേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു.

web desk 1: