X

ഖത്തരി പുരുഷന്‍മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധം; പ്രായ പരിധി 18നും 35നും ഇടക്ക്

ദോഹ: ഖത്തരി പൗരന്‍മാരായ പുരുഷന്‍മാര്‍ക്ക് സൈനിക സേവനം നിബന്ധമാക്കി. 18നും 35നും വയസ്സന് ഇടയില്‍ പ്രായമാകുകയോ ഹൈസ്‌കൂള്‍ ഡിപ്ലോമ തത്തുല്യ പഠനം നേടുകയോ ചെയ്തവര്‍ക്കാണ് നിര്‍ബന്ധിത സൈനിക സേവനം നിയമം മൂലം പ്രാബല്യത്തിലാക്കിയത്. രണ്ട് വ്യവസ്ഥകളിലും ആദ്യം ഏതാണോ സംഭവിക്കുന്നത് അതിനനുസരിച്ചാണ് സൈനിക സേവനം നടത്തേണ്ടത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഈ നിയമം ബുധനാഴ്ച പുറത്തിറക്കിയത്. സൈനിക സേവനത്തിന് പങ്കെടുക്കാത്തവര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ജോലികള്‍, സ്വതന്ത്ര വ്യാപാരം നടത്തുന്നതിനുള്ള ലൈസന്‍സുകള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയൊന്നും നിര്‍ബന്ധിത സൈനിക സേവനത്തില്‍ പങ്കാളികളാവാത്തവര്‍ക്ക് ലഭിക്കില്ലെന്ന് നിയമം അനുശാസിക്കുന്നു. പ്രധാന സേവനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടുകയോ സേവനം നിരാകരിക്കപ്പെടുകയോ ചെയ്തവര്‍ക്ക് നിയമം ബാധകമല്ല.
18 വയസ്സ് തികയുന്ന പുരുഷന്‍മാരുടെ വിവരങ്ങള്‍ ഒരോ വര്‍ഷവും ആദ്യത്തെ ആറ്മാസത്തില്‍ നാഷണല്‍ സര്‍വീസ് അക്കാഡമിക്ക് നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോടും ആരോഗ്യ മന്ത്രാലയത്തോടും മറ്റു ബന്ധപ്പെട്ട വകുപ്പകളോടും നിര്‍ദേശിച്ചിട്ടുണ്ട്. 18 വയസ്സ് തികയുന്നതിന് 60 ദിവസം മുമ്പ് ഖത്തരി യുവാക്കള്‍ നാഷണല്‍ സര്‍വീസ് അക്കാഡയമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഹൈസ്‌കുള്‍ പഠനം തത്തുല്യ പഠനം പൂര്‍ത്തിയാക്കിയവരും അക്കാഡമയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതിന് സമാനമായാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും നിയമത്തില്‍ പറയുന്നു.
സര്‍വീസിന് എത്തണമെന്ന് കാണിച്ച് നോട്ടീസ് ലഭിക്കുന്നവര്‍ ഉടനെ സേവനത്തിന് എത്തണമെന്നും അവരുടെ ജോലികളും മറ്റും പിന്നീട് നിലനില്‍ക്കില്ലെന്നും നിയമം അനുശാസിക്കുന്നു. നിയോഗിക്കപ്പെട്ട സൈനിക സര്‍വീസ് പുര്‍ത്തിയാക്കിയെന്ന ബന്ധപ്പെട്ട മിലിട്ടറി അതോറിറ്റിയുടെ കത്ത് ലഭിച്ച ശേഷം മാത്രമേ ജോലി പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂ. 18 പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് സൈനിക സേവനത്തിന് അവര്‍ താത്പര്യപ്പെടുകയാണെങ്കില്‍ അവസരം ലഭിക്കും.

chandrika: