X

ഖത്തര്‍ ഉപരോധം: നഷ്ടപരിഹാരകമ്മിറ്റി പുതിയ വെബ്‌സൈറ്റ് തുടങ്ങി

ദോഹ: സഊദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും ഉപരോധം മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിനായി രൂപീകരിച്ച നഷ്ടപരിഹാര കമ്മിറ്റി(കോംപന്‍സേഷന്‍ ക്ലെയിമിങ് കമ്മിറ്റി) പുതിയ വെബ്സൈറ്റ് തുറന്നു. www.qccc.qa എന്നതാണ് പുതിയ വെബ്സൈറ്റ് അഡ്രസ്. ഉപരോധത്തിന്റെ ഇരകള്‍ക്ക്് തങ്ങളുടെ പരാതികളും അവകാശവാദങ്ങളും ഈ വെബ്സൈറ്റിലൂടെ സമര്‍പ്പിക്കും. തങ്ങളുടെ അപേക്ഷകള്‍ വിലയിരുത്തുന്നതിനായി കമ്മിറ്റിയുമായി കൂടിക്കാഴ്ചയ്ക്കായി സമയം ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യവും വെബ്സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഖത്തരികള്‍, പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയെന്നതാണ് വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ജനറലും നഷ്ടപരിഹാരകമ്മിറ്റി വൈസ് ചെയര്‍മാനുമായ ഡോ. അഹമ്മദ് ഹസന്‍ അല്‍ഹമ്മാദി പറഞ്ഞു. ഉപരോധം ബാധിക്കപ്പെട്ടവര്‍ തങ്ങളുടെ പരാതികള്‍ സമര്‍പ്പിക്കണമെങ്കില്‍ വെബ്സൈറ്റില്‍ കയറി പരാതി രജിസ്റ്റര്‍ ചെയ്യണം. അവര്‍ക്ക് കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിന് അനുമതിയും അവിടെനിന്നും ലഭിക്കും. അപേക്ഷകര്‍ക്ക് തങ്ങളുടെ പരാതികള്‍ സമര്‍ഥിക്കുന്നതിനായുള്ള രേഖകളുടെ പകര്‍പ്പുകളും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനാകും. പൂര്‍ണമായും സുരക്ഷിതവും തീര്‍ത്തും രഹസ്യാത്മക നടപടിക്രമങ്ങളുമാണ് വെബ്്സൈറ്റില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അല്‍ഹമ്മാദി പറഞ്ഞു.
എന്നാല്‍ വെബ്സൈറ്റിലുടെ സമര്‍പ്പിക്കുന്ന പകര്‍പ്പുകള്‍ കമ്മിറ്റി ആസ്ഥാനത്ത് നേരിട്ടു ഹാജരാകുന്നതിന് പകരമാകില്ല. കോടതികള്‍ക്കും നഷ്ടപരിഹാരസ്ഥാപനങ്ങള്‍ക്കും മുന്നില്‍ പരാതികള്‍ എത്തിക്കുന്നതിന് യഥാര്‍ഥ രേഖകള്‍ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകര്‍പ്പുകള്‍ വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്താലും യഥാര്‍ഥ രേഖകള്‍ കമ്മിറ്റിയില്‍ ഹാജരാക്കണം. പ്രത്യേകിച്ചും കരാറുകള്‍. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍, എങ്ങനെയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്, എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത് എന്നിവ സംബന്ധിച്ച വിശദാംശങ്ങളും വെബ്സൈറ്റിലൂടെ അറിയാനാകും.
വ്യക്തികള്‍ക്കും കമ്പനികളും തങ്ങളുടെ സമയവും ശ്രമവും ലാഭിക്കാനും വെബ്സൈറ്റിലൂടെ സാധിക്കും. പരാതികള്‍ ഉടന്‍തന്നെ ബന്ധപ്പെട്ട കോടതികളുടെ മുന്നിലെത്തിക്കുമെന്നും അല്‍ഹമ്മാദി പറഞ്ഞു. ഇതുവരെ 6000ലധികം പരാതികള്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മനുഷ്യാവകാശലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഉപരോധത്തെത്തുടര്‍ന്ന്് പ്രത്യക്ഷമായും പരോക്ഷമായും നഷ്ടം സംഭവിച്ചവരാണ് കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.

chandrika: