X

ഖത്തര്‍ ഒരിക്കലും ഭീകരവാദത്തിന്റെ പിന്തുണക്കാരനായിട്ടില്ലെന്ന് അമീര്‍

 

ദോഹ: തീവ്രവാദത്തിനും ഭീകരവാദത്തിനും പണം നല്‍കുന്നതിനെ ഖത്തറോ ഖത്തറിലെ ജനങ്ങളോ അംഗീകരിക്കുന്നില്ലെന്നും ഒരിക്കല്‍ പോലും ഒരുതരത്തിലുള്ള ഭീകരവാദത്തെയും ഖത്തര്‍ പിന്തുണച്ചിട്ടില്ലെന്നും ഭാവിയില്‍ പിന്തുണയ്ക്കുകയുമില്ലെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡണ്ട്് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയുടെ ആരംഭത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരവാദത്തിന് പണം നല്കുന്നതിനെതിരെ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മേഖലയിലെ പ്രധാന രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പട്ടാള സഹകരണം ശക്തവും സുദൃഢവുമാണെന്നും അമീര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരെ പോരാടുന്ന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം അല്‍ ഉദൈദ് എയര്‍ബേസാണെന്നും അമീര്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ടിനോട് ഞങ്ങള്‍ക്ക്് പറയാനുള്ളത് ഇതാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അമീര്‍ സംസാരം ആരംഭിച്ചത്.
കഴിഞ്ഞ 45 വര്‍ഷത്തിലേറെയായി ഖത്തര്‍ അമേരിക്ക ബന്ധം വളരെ ശക്തമാണ്. മാത്രമല്ല സാമ്പത്തിക സഹകരണ രംഗത്ത് 125 ബില്ല്യന്‍ ഡോളറിന്റെ സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക സഹകരണം രംഗം ഇരട്ടിപ്പിക്കാനുമാണ് പദ്ധതിയുള്ളതെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
താംപയിലെ യു എസ് സെന്‍ട്രല്‍ കമാന്റ് ആസ്ഥാനത്തിലെ സന്ദര്‍ശനം പ്രധാനപ്പെട്ടതും വിജയകരവുമായിരുന്നു. പട്ടാള സുരക്ഷാ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണമാണ് ഈ സന്ദര്‍ശനം തെളിയിക്കുന്നതെന്നും അമീര്‍ പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡണ്ട് ട്രംപ് സ്വീകരിച്ച നയങ്ങളോട് നന്ദി അറിയിച്ച അമീര്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ക്ക് പ്രധാനപ്പെട്ട പങ്കാളിത്തമാണ് വഹിച്ചതെന്നും പറഞ്ഞു.
ഉപരോധത്തിനെതിരെയുള്ള നടപടികളില്‍ ട്രംപ് വ്യക്തിപരമായ പിന്തുണ നല്‍കിയെന്നും അമീര്‍ പറഞ്ഞു. ഖത്തറിന് പിന്തുണ നല്‍കിയ കാര്യത്തില്‍ അമേരിക്കന്‍ ജനങ്ങളോട് അമീര്‍ നന്ദി അറിയിച്ചു.
സിറിയന്‍ ജനങ്ങളുടെ ദുരിത ജീവിതത്തിന് വളരെ പെട്ടെന്ന് അറുതിയുണ്ടാക്കാന്‍ ഖത്തറും അമേരിക്കും ചേര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സിറിയന്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും ഇരുരാജ്യങ്ങളും ഇത് തുടരാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ അമീര്‍ യുദ്ധക്കുറ്റവാളിയുമായി സഹകരിക്കില്ലെന്നും അരമില്ല്യന്‍ സ്വന്തം ജനങ്ങളെയാണ് അയാള്‍ കൊന്നൊടുക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനിയേയും അദ്ദേഹത്തോടൊപ്പമുള്ള സംഘത്തേയും സ്വാഗതം ചെയ്തു. അമീറുമായി നേരത്തെ തന്നെ ശക്തമായ ബന്ധമുണ്ടായിരുന്നതായും താന്‍ അമേരിക്കന്‍ പ്രസിഡണ്ടായി ലോകരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുമ്പുതന്നെ ബന്ധം ശക്തമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഖത്തര്‍ അമീറിനെ അദ്ദേഹത്തിന്റെ ജനങ്ങള്‍ ഏറെ സ്‌നേഹിക്കുന്നതായും അമേരിക്കയും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധത്തെ കുറിച്ചും ട്രംപ് വിശദമാക്കി. തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അമീറുമായി ചേര്‍ന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തീവ്രവാദത്തിന് ഫണ്ട് അനുവദിക്കുന്നതിനെതിരെ യു എ ഇ, സഊദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. വ്യത്യസ്ത മേഖലകളില്‍ സഹകരണം വികസിപ്പിക്കുകയും ശക്തമാക്കുകയും ചെയ്യുന്നതോടൊപ്പം സാമ്പത്തിക നിക്ഷേപ പട്ടാള പ്രതിരോധ മേഖലകളില്‍ സഹകരണം വികസിപ്പിക്കാനും തീരുമാനിച്ചു.
മേഖലാ അന്താരാഷ്ട്ര പ്രശ്‌നങ്ങളെ കുറിച്ചും നിലവിലുള്ള അവസ്ഥകളെ കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.
അമീറിന്റെ ബഹുമാനാര്‍ഥം വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കിയ ഉച്ച ഭക്ഷണ വിരുന്നില്‍ അമീറും സംഘവും പങ്കെടുത്തു.അമേരിക്കന്‍ വൈസ് പ്രസിഡണ്ട് മൈക് പെന്‍സ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

chandrika: