X

ഉന്നാവ് ബലാത്സംഗം: ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്, അന്വേഷണം സി.ബി.ഐക്ക്

BJP MLA Kuldeep Singh Sengar along with his associates clashing with media when he reached at ssp office lucknow to prove him self innosent.Express photo by Vishal Srivastav 11.04.2018

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗറിനെതിരെ പൊലീസ് കേസെടുത്തു. ഇരയുടെ നിരന്തര പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. പോക്‌സോ കുറ്റമടക്കം ചുമത്തി ഇന്നു പുലര്‍ച്ചെയാണ് ഉന്നാവ് മാഖി പൊലീസ് സ്റ്റേഷനില്‍ എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ബലാത്സംഗ കേസിന്റെയും കേസിലെ ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസിന്റെയും അന്വേഷണം സി.ബി.ഐക്ക് വിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. നൂറോളം അനുയായികള്‍ക്കൊപ്പം ഇന്നലെ അര്‍ദ്ധരാത്രി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കുല്‍ദീപ് സിങ് എത്തിയത് ഏറെ നാടകീയത സൃഷ്ടിച്ചു. കീഴടങ്ങാനാണ് എം.എല്‍.എ എത്തിയതെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ താന്‍ മാധ്യമങ്ങളെ കാണാനാണ് വന്നതെന്നായിരുന്നു കുല്‍ദീപ് സിങ് പ്രതികരിച്ചത്.
ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ സഹോദരനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് താന്‍ ബലാത്സംഗത്തിന് ഇരയായിയെന്നാണ് ഉന്നവ് സ്വദേശിയായ 16കാരിയുടെ പരാതി. ഒമ്പതു മാസമായി താന്‍ നീതിക്കു വേണ്ടി പോരാടി കൊണ്ടിരിക്കുകയാണെന്ന് പെണ്‍കുട്ടി പറയുന്നു. നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് ഞായറാഴ്ച പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തു.

chandrika: