X

ഹമദ് വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണപദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ മൂന്നാംഘട്ടവികസനമാണിത്. നിലവിലെ വര്‍ഷത്തില്‍ അഞ്ച് കോടി യാത്രക്കാരെന്ന വിമാനത്താവളത്തിന്റെ ശേഷി 2021 ആകുമ്പോഴേക്കും 6.5 കോടിയാക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അല്‍ ബേക്കര്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ വികസനപദ്ധതിക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍ സുബൈയുടെ അധ്യക്ഷതയില്‍ പുതിയ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകപ്രശസ്ത ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റായ ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്‌ണേഴ്‌സാകും വിമാനത്താവളത്തിന്റെ വിപുലീകരണത്തിനുള്ള ഡിസൈന്‍ തയ്യാറാക്കുന്നത്. 2022 ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ഒന്ന് ഡിസൈന്‍ ചെയ്യുന്നത് ഇവരാണ്.

വികസനപദ്ധതിക്കുള്ള ടെണ്ടര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. രാജ്യാന്തര കമ്പനികളെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നുണ്ട്. ടെണ്ടറും തുടര്‍നടപടികളും സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. . അതേസമയം വിപുലീകരണത്തിന്റെ ചെലവ്്് സംബന്ധിച്ച്്് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. സ്റ്റിയറിങ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിപുലീകരണമെന്നും ടെന്‍ഡറും ചെലവും സംബന്ധിച്ച കാര്യങ്ങള്‍ കമ്മറ്റി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ നിലവിലുള്ള ശേഷിയെയും കടന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ വലിയതോതില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

2022ലെ ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നതിനാല്‍ വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ദേശീയ എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്താവളമാണ് ഹമദ്.വ്യോമയാന മേഖലയില്‍തന്നെ ദ്രുതഗതിയില്‍ തന്നെ വളര്‍ച്ച കൈവരിക്കുന്ന എയര്‍ലൈനാണ് ഖത്തര്‍ എയര്‍വേയ്‌സ്. കഴിഞ്ഞ വര്‍ഷം 14 സ്ഥലങ്ങളിലേക്ക് സര്‍വീസ് തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150ലധികം സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ ഹമദ് വിമാനത്താവളത്തിന്റെ ശേഷി അഞ്ചു കോടിയാണ്.

ഇരട്ടശേഷിയോടെ രണ്ടു റണ്‍വേകള്‍(ഇതിലൊരെണ്ണം ലോകത്തിലെതന്നെ ഏറ്റവും ദീര്‍ഘമേറിയ റണ്‍വേയാണ്), അത്യാധുനിക സൗകര്യങ്ങളോടെയുള്ള എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, പാസഞ്ചര്‍ ടെര്‍മിനല്‍, 40,000 സ്‌ക്വയര്‍മീറ്ററിലായി റീട്ടെയ്ല്‍, ഫുഡ്, ബിവറേജ് സൗകര്യങ്ങള്‍, നവീനമായ രീതിയില്‍ ഡിസൈന്‍ ചെയ്ത പള്ളി എന്നിവ വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്. എയര്‍സൈഡ് ഹോട്ടല്‍, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, രണ്ട് സ്‌ക്വാഷ് കോര്‍ട്ടുകള്‍, ജിം, 25 മീറ്റര്‍ സ്വിമ്മിങ്പൂള്‍, സ്പാ എന്നിവയും ഇതിനോടുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ വിമാനത്താവളത്തിലെത്തിയത് 1.7കോടി യാത്രക്കാരാണ്.

2015ലെ ഇതേകാലയളവുമായി കണക്കിലെടുക്കുമ്പോള്‍ 20%ലധികം വര്‍ധനവ്.
1.46കോടി യാത്രക്കാരായിരുന്നു 2015 ആദ്യപകുതിയിലുണ്ടായിരുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വിമാനസര്‍വീസുകളിലും വര്‍ധനവുണ്ടായി.
ടേക്ക്ഓഫും ലാന്‍ഡിങും ഉള്‍പ്പടെ 1,18,069 സര്‍വീസുകളായിരുന്നു നടന്നത്. 2015നെ അപേക്ഷിച്ച് 17% വര്‍ധന. പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഹമദ്് അന്താരാഷ്ട്ര വിമാനത്താവളത്തിന്് കഴിഞ്ഞ ദിവസമാണ് സ്്്‌കൈട്രാക്‌സിന്റെ പഞ്ചനക്ഷത്ര പദവി ലഭിച്ചത്.

chandrika: