X

വര്‍ഗീയ പരാമര്‍ശം: സാക്ഷി മഹാരാജിനെതിരെ കേസ്, നിലപാട് തള്ളി നഖ്‌വി

ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് എതിരെ കേസ്. ഐ.പി.സി 298പ്രകാരം മീററ്റ് പൊലീസാണ് കേസെടുത്തത്. രാജ്യത്ത് ജനസംഖ്യ വര്‍ധനവിന് കാരണം മുസ് ലിംകളാണെന്നായിരുന്നു സാക്ഷിയുടെ പരാമര്‍ശം. അതേസമയം സാക്ഷിയുടെ പ്രസ്താവനയെ തള്ളി ബി.ജെ.പി രംഗത്ത് എത്തി. സര്‍ക്കാറിനോ, ബി.ജെ.പിക്ക് അത്തരത്തിലൊരു അഭിപ്രായമില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. മീറത്തില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് സാക്ഷിയുടെ വിദ്വേഷ പരാമര്‍ശം.

രാജ്യത്ത് ജനസംഖ്യ വര്‍ധനവിന് കാരണം ഹിന്ദുക്കളല്ല, നാല് ഭാര്യമാരും 40 കുട്ടികളും ആവാം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണെന്നായിരുന്നു സാക്ഷിയുടെ പരാമര്‍ശം. എന്നാല്‍ വിവാദം ഉയര്‍ന്നതിന് പിന്നാലെ, തന്റെ പ്രസ്താവനയെ ന്യായീകരിക്കുന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്. ഇത്തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ സാക്ഷി മുമ്പും നടത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ നിന്നുള്ള എം.പിയാണ് അദ്ദേഹം.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനൊരുങ്ങവെയാണ് വര്‍ഗീയ പരാമര്‍ശവുമായി സാക്ഷി രംഗത്ത് എത്തിയെന്നതും ശ്രദ്ധേയമാണ്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11 നാണ്. മാര്‍ച്ച് 11നാണ് ഫലപ്രഖ്യാപനം. നോട്ട് നിരോധന അസഹിഷ്ണുതാ വിവാദങ്ങളില്‍ കലങ്ങിനില്‍ക്കുന്ന ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ ജയം അനിവാര്യമാണ്.

chandrika: