X
    Categories: CultureMoreViews

തിരുവനന്തപുരത്ത് കോളേജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്; വിദ്യാര്‍ഥിയുടെ പുറത്ത് ബ്ലേഡ് കൊണ്ട് വരഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടുകാല്‍ മരുതര്‍ക്കോണം പി.ടി.എം കോളേജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ മൂന്ന് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കോളേജിലെ ഡി.ഈ.എല്‍.ഈ.ഡി ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി നിധിന്‍ രാജ് (20) പത്തനംതിട്ട സ്വദേശി സോനു വര്‍മ്മ (18), ഇടുക്കി സ്വദേശി ശരത് മോഹന്‍ (22) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

ഇതില്‍ സോനു വര്‍മ്മയുടെ പുറത്ത് ബ്ലേഡ് കൊണ്ട് നീളത്തില്‍ കീറിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാന്റീനില്‍ ചായ തികയാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബി.എഡിന് പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ഥിനികള്‍ കാന്റീന്‍ ജീവനക്കാരിയുമായി വഴക്കുണ്ടാക്കിയത് ജൂനിയര്‍ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യം വിദ്യാര്‍ഥിനികള്‍ അവരുടെ ക്ലാസിലെ വിദ്യാര്‍ഥികളോട് പറഞ്ഞു. തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ഫോണില്‍ വിളിച്ചു വരുത്തി ബ്ലേഡ് കൊണ്ട് വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.

സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് നിഗമനം. അക്രമത്തെ തുടര്‍ന്ന് നിധിന്‍ രാജ് ബോധരഹിതനായി. ഇതിനിടെ അക്രമികള്‍ ക്യാമ്പസ് വിട്ടിരുന്നു. പരിക്കേറ്റ മൂന്നുപേരും രണ്ടാഴ്ച മുമ്പാണ് ഇവിടെ പഠിക്കാനെത്തിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ആംബുലന്‍സില്‍ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: