X

‘ഇനി മാതാപിതാക്കള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാമെന്ന പുസ്തകമെഴുതണം’

 

ന്യൂഡല്‍ഹി: ഡാറ്റ ചോര്‍ച്ചക്കു പിന്നാലെ സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എത്രയെത്ര ചോര്‍ച്ചകള്‍?.
ഡാറ്റ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച, എസ്.എസ്.എസി പരീക്ഷ ചോര്‍ച്ച, തെരഞ്ഞെടുപ്പ് തീയതിയുടെ ചോര്‍ച്ച, സി.ബി.എസ്.ഇ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച സകലയിടത്തും ചോര്‍ച്ചയാണ്. ഇതിന്റേയെല്ലാം നടത്തിപ്പുകാരനാകട്ടെ ദുര്‍ബലനും, മോദി സര്‍ക്കാറിന് ഇനി ഒരു കൊല്ലം കൂടി എന്ന ഹാഷ് ടാഗോടുകൂടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
മോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പായ നമോ ആപ്പിലെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി ചോര്‍ത്തുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി ഒരു സാങ്കേതിക വിദഗ്ധന്‍ വാര്‍ത്ത പുറത്തു വിട്ടത്. സ്റ്റാഫ് സിലക്ഷന്‍ കമ്മീഷനിലേക്കുള്ള (എസ്.എസ്.സി) ഓണ്‍ലൈന്‍ പരീക്ഷാ പേപ്പര്‍ ചോര്‍ത്തി ചിലെ വിദ്യാര്‍ത്ഥി കളെ പരീക്ഷ എഴുതാന്‍ സഹായിച്ച കേസില്‍ നാലു പേരെ പൊലീസ് പിടികൂടിയിരുന്നു.
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പ്രഖ്യാപിച്ചതും വിവാദമായിരുന്നു. ഇതിന്‍മേലും അന്വേഷണം നടക്കുകയാണ്. സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുകയാണ്. ഒരാഴ്ചക്കിടെ തന്നെ ഇത്രയധികം ചോര്‍ച്ചകള്‍ വന്നതോടെയാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയത്.
പരീക്ഷാക്കാലത്ത് കുട്ടികളുടെ സമ്മര്‍ദം കുറയ്ക്കാനായിരുന്നു മോദിയുടെ ആദ്യ പുസ്തകം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ടാകുന്ന സമ്മര്‍ദത്തെ എങ്ങനെ നേരിടാമെന്നായിരിക്കും അടുത്ത പുസ്തകമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. എക്‌സാം വാരിയേഴ്‌സ് രണ്ട് എന്ന പേരിലുള്ള പുതിയ പുസ്തകത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും സമ്മര്‍ദം എങ്ങനെ കുറയ്ക്കാമെന്നും മോദിക്ക് വിശദീകരിക്കാം– രാഹുല്‍ കളിയാക്കി. ആ ദ്യപുസ്തകത്തിന്റെ പുറംചട്ട സഹിതമാണ് ട്വീറ്റ്.

chandrika: