X
    Categories: indiaNews

രാഹുലിന്റെ കൃഷിരക്ഷ റാലി ഹരിയാനയില്‍ തടയാനായി ബി.ജെ.പി സര്‍ക്കാര്‍; തടയാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കൃഷിരക്ഷ റാലിക്ക് ഉപാധികള്‍ മുന്നോട്ടുവെച്ച് ബിജെപി സര്‍ക്കാര്‍. റാലി ഹരിയാനയില്‍ പ്രവേശിക്കണമെങ്കില്‍ ഈ ഉപാധികള്‍ പാലിക്കണമെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന്റെ വാദങ്ങള്‍. അതേസമയം, റാലി തടയാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസും രംഗത്തെത്തുകയായിരുന്നു. പഞ്ചാബില്‍ മൂന്നു ദിവസത്തെ റാലിക്കു ശേഷം ചൊവ്വാഴ്ച ഹരിയാനയിലേക്ക് പ്രവേശിക്കാനാണ് രാഹുലിന്റെ റാലിയുടെ ലക്ഷ്യം.

ചൊവ്വയും ബുധനുമായി ഹരിയാനയിലെ കരുക്ഷേത്ര, കര്‍ണാള്‍ എന്നിവിടങ്ങളില്‍ റാലി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉപാധി. രാഹുല്‍ വരുന്നതില്‍ വിരോധമില്ലെന്നും ഒപ്പം കുറച്ച് ആളുകളാവാമെന്നും വലിയ ജനക്കൂട്ടവുമായി ഹരിയാനയിലേക്ക് വരേണ്ടെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. ആളെ ഇറക്കുമതി ചെയ്യാന്‍ പറ്റില്ല. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും ഖട്ടര്‍ പറഞ്ഞു.

അതേസമയം, ജനാധിപത്യപരമായി പ്രതിഷേധിക്കാനും ആളുകളോട് സംസാരിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. രാഹുല്‍ ഹരിയാന അതിര്‍ത്തിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ഷകരും സ്വീകരിക്കും. അതില്‍ മാറ്റമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

 

 

chandrika: