X

ഓടാം, പക്ഷേ ഒളിക്കാനാകില്ല; റഫാലില്‍ വീണ്ടും മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു മോദിക്കെതിരായ രാഹുലിന്റെ അതിരൂക്ഷ വിമര്‍ശനം. കേന്ദ്ര സര്‍ക്കാറിന്റെ ഭരണ പരാജയവും തൊഴിലില്ലായ്മയും സാമ്പത്തിക അരാജകത്വവും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് കഴിഞ്ഞ ആഴ്ചകളില്‍ കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കിയിരുന്നതെങ്കിലും റഫാല്‍ ഇടപാട് തന്നെയായിരിക്കും തെരഞ്ഞെടുപ്പ് ഗോദയിലെ കോണ്‍ഗ്രസിന്റെ പ്രധാന ആയുധമെന്ന സൂചന നല്‍കുന്നതാണ് രാഹുലിന്റെ ട്വീറ്റ്.
ഒരു ഹിന്ദി വാര്‍ത്താ ചാനലിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ദൃശ്യം ഉള്‍പ്പെടുത്തിയാണ് രാഹുലിന്റെ ട്വീറ്റ്.

”നിങ്ങള്‍ക്ക് ഓടാന്‍ കഴിയുമായിരിക്കും, പക്ഷേ ഒളിക്കാനാകില്ല. നിങ്ങളുടെ ചെയ്തികള്‍(കര്‍മ്മം) നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. നിങ്ങളുടെ ശബ്ദത്തില്‍ തന്നെ രാജ്യത്തെ ജനങ്ങള്‍ക്ക് സത്യം കേള്‍ക്കാന്‍ കഴിയും. സത്യത്തിന് വലിയ ശക്തിയുണ്ട്. അഴിമതി സംബന്ധിച്ച് താങ്കളെ ഞാന്‍ സംവാദത്തിന് വെല്ലുവിളിക്കുന്നു – രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അഭിമുഖത്തില്‍ റഫാല്‍ ഇടപാട് വഴി റിലയന്‍സ് ഉടമ അനില്‍ അംബാനിക്ക് നേട്ടമുണ്ടായിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യവും ഇതിന് പ്രധാനമന്ത്രി നല്‍കുന്ന മറുപടിയുമാണ് രാഹുല്‍ ട്വീറ്റിനൊപ്പം ഉള്‍പ്പെടുത്തിയ വീഡിയോയിലുള്ളത്. ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ, നിങ്ങള്‍ക്ക് സുപ്രീംകോടതിയെ വിശ്വാസമില്ല, നിങ്ങള്‍ക്ക് സി.എ.ജിറിപ്പോര്‍ട്ടില്‍ വിശ്വാസമില്ലേ എന്ന രണ്ടു മറുചോദ്യങ്ങള്‍ കൊണ്ട് മറുപടി അവസാനിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്.

chandrika: