X

“കോണ്‍ഗ്രസ് മുസ്‌ലിംങ്ങളുടെ പാര്‍ട്ടി”; കടുത്ത മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്‌ലിംങ്ങളുടെ പാര്‍ട്ടിയാണെന്ന ആരോപണത്തിന് കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് ദേശിയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ മറുപടി.

രാജ്യത്തെ പാവപ്പെട്ടവന്റേയും ചൂഷണം ചെയ്യപ്പെട്ടവന്റേയും പാര്‍ശ്വവത്കരിക്കപ്പെട്ടവന്റേയുമൊക്കെ ഒപ്പമാണ് ഞാനും കോണ്‍ഗ്രസും നിലകൊള്ളുന്നത്. വെറുപ്പും ഭയവും ഇല്ലാതാക്കുകയാണ് എന്റെ ജോലി. എല്ലാ മനുഷ്യരേയും ഞാന്‍ സ്നേഹിക്കുന്നു- രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞതായി ഒരു ഉറുദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ആയുധമാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് പറഞ്ഞ മോദി,? കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടി മാത്രമാണോ അതോ സ്ത്രീകളുടേത് കൂടിയാണോ എന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നും പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനം ശക്തമായിരിക്കെ മുസ്ലിം സമുദായത്തിലെ പ്രമുഖരുമായി രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം. ഡല്‍ഹിയിലെ രാഹുലിന്റെ വസതിയിലാണ് കൂടിക്കാഴ്ച്ച നടന്നതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. പ്രൊഫ. സോയ ഹസന്‍, ആസൂത്രണക്കമ്മീഷന്‍ മുന്‍ അംഗം സെയ്ദ് ഹമീദ്, വിദ്യാഭ്യാസ വിചക്ഷണന്‍ ഇല്യാസ് മാലിക്, സച്ചാര്‍ കമ്മിറ്റിയുടെ മുന്‍ അംഗം അബു സലെഹ് ഷെരീഫ് എന്നിവരുമായാണ് രാഹുല്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ സംഘടിപ്പിച്ച യോഗത്തിലാണ് കൂടിക്കാഴ്ച്ചക്ക് സാഹചര്യമൊരുക്കിയത്. സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളും നിലപാടുകളും വ്യക്തമാക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുമായി നിരവധി അഭിഭാഷകരും ചരിത്രകാരന്മാരും ചര്‍ച്ച നടത്തുകയും ചെയ്തു. അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുല്‍ഗാന്ധിയുടെ നീക്കമെന്ന് ആക്ഷേപമുയരുകയായിരുന്നു.

എന്നാല്‍ ഒരു മതത്തിനോടോ വിഭാഗത്തിനോടോ കോണ്‍ഗ്രസിന് യാതൊരു തരത്തിലുള്ള പ്രത്യേക അജണ്ടകളില്ലെന്നും എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ്സിന്റെ അജണ്ടയെന്നും രാഹുല്‍ഗാന്ധി അന്നുതന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ ആശയങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും ആരേയും അനീതിയോടെ സമീപിക്കില്ലെന്നും കൂടിക്കാഴ്ച്ചയില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ദളിത്-മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ഹിന്ദുത്വശക്തികളുടെ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് രാഹുലിന്റെ പരാമര്‍ശം.

chandrika: