X

രാഹുല്‍ഗാന്ധി ബുധനാഴ്ച വയനാട്ടിൽ പത്രിക സമര്‍പ്പിക്കും

രാജ്യത്ത് ശ്രദ്ധേയമായ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ രാഹുല്‍ ഗാന്ധി ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടെ പാര്‍ലമെന്റ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റോഡ് ഷോയുടെ അവസാനം ഉച്ചക്ക് 12 മണിക്ക് ആയിരിക്കും പത്രിക സമര്‍പ്പിക്കുകയെന്ന് വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറും എംഎല്‍എയും ആയ എപി അനില്‍കുമാറും ടി സിദ്ദീഖ് എംഎല്‍എയും അറിയിച്ചു. രാഹുല്‍ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെ സുധാകരന്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും അണിനിരക്കും.

മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ റോഡ്ഷോക്ക് എത്തുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെത്തും. ഇവിടെ നിന്നും അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരായിരിക്കും റോഡ് ഷോയില്‍ പങ്കെടുക്കുക.

സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ എം പി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്ഷോയുടെ ഭാഗമാവും. തുടര്‍ന്ന് സിവില്‍സ്റ്റേഷന്‍ പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടര്‍ന്ന് വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്ഷോയെന്ന് നേതാക്കള്‍ പറഞ്ഞു.

webdesk13: