X
    Categories: indiaNews

സോഷ്യല്‍മീഡിയയിലും മോദിയെ കടത്തിവെട്ടി രാഹുല്‍ ഗാന്ധി; ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ 40 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: പ്രതിഷേധങ്ങളെ ഗൗനിക്കാതെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിലും യുപിയിലെ ഹാത്രസ് സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തിനിടെ സോഷ്യല്‍മീഡിയയില്‍ ഗ്രാഫുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഹാത്രസ് സംഭവത്തിന് പിന്നാലെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കടത്തിവെട്ടിയതായി റിപ്പോര്‍ട്ട്. മോദിയുടെ പേജിനേക്കാള്‍ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ 40 ശതമാനം വര്‍ധനവാണ് രാഹുലിന്റെ പേജിലുണ്ടായതെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഫേസ്ബുക്ക് അനലിറ്റിക്‌സ് ഡാറ്റയെ അടിസ്ഥാനമാക്കി സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ രാഹുലിന്റെ പേജില്‍ 13.9 ദശലക്ഷം എന്‍ഗേജ്മെന്റാണ് ഉണ്ടായതെന്ന് ഫേസ്ബുക്ക് അനലിറ്റിക്‌സ് വ്യക്തമാക്കുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച മോദിയുടെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റ് 8.2 മില്യണ്‍ മാത്രമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന അഞ്ച് മുന്‍നിര നേതാക്കളില്‍ ഒരാളായ മോദിക്ക് എന്‍ഗേജ്മെന്റില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പേജില്‍ ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്കില്‍ എന്‍ഗേജ്മെന്റ് അളക്കുന്നത്. 3.5 മില്യണ്‍ ഫോളോവേഴ്സ് മാത്രമുള്ള രാഹുല്‍ ഗാന്ധിയാണ് 45.9 ദശലക്ഷം ഫോളോവേഴ്‌സുള്ള മോദിയെ ഫേസ്ബുക്കില്‍ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ കടത്തിവെട്ടിയത്.

അതേസമയം, ഹാത്രസ് സംഭവം വന്‍ വിവാദമായിരിക്കെ മോദിയുടെ ടണല്‍ ഉദ്ഘാടനം വലിയ വിമര്‍ശനത്തിനും കരാണമായിരുന്നു. കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ നീതിക്കായി രാജ്യം തെരുവിലിറങ്ങിയിരിക്കെ ശൂന്യമായ ടണലിനെ നോക്കി മോദി കൈവീശുന്ന ദൃശ്യമാണ് വിവാദമായത്.

chandrika: