X
    Categories: indiaNews

കര്‍ഷക രോഷത്തിനിടെ രാഹുല്‍ പഞ്ചാബിലേക്ക്; ബിജെപിക്ക് അങ്കലാപ്പ്

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലില്‍ രോഷം കത്തുന്നതിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പഞ്ചാബിലേക്ക്. ബില്ലിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ നടന്നുവരുന്ന പഞ്ചാബിലേക്കുള്ള രാഹുലിന്റെ യാത്ര ആശങ്കയോടെയാണ് ബിജെപി നോക്കിക്കാണുന്നത്. ശനിയാഴ്ച രാഹുല്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന സംസ്ഥാനത്തെത്തും.

ഹത്രാസ് സംഭവത്തില്‍ യുപി-കേന്ദ്രസര്‍ക്കാറുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ശേഷമാണ് രാഹുല്‍ വീണ്ടും കളത്തിലിറങ്ങുന്നത്. കര്‍ഷക ബില്ലിലെ കാര്‍ഷിക വിരുദ്ധ നിലപാടുകള്‍ പരമാവധി ജനങ്ങളിലെത്തിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഗാന്ധി ജയന്തി ദിനത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പുറത്തിറക്കിയ കുറിപ്പിലും കാര്‍ഷിക ബില്ലിനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ട്വിറ്ററിലിട്ട കുറിപ്പില്‍ അനീതിക്കു മുമ്പില്‍ മുട്ടുമടക്കില്ല എന്നാണ് രാഹുലിന്റെ പ്രതികരണം.

പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനൊപ്പം ട്രാക്ടര്‍ റാലികളിലും പ്രതിഷേധ സംഗമങ്ങളിലും രാഹുല്‍ പങ്കെടുക്കും. പഞ്ചാബിനു പുറമേ, മറ്റു സംസ്ഥാനങ്ങൡ നിന്നുള്ളവരും പ്രക്ഷോഭങ്ങളിലേക്ക് രാഹുല്‍ എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റു ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ പഞ്ചാബിലേക്കുള്ള രാഹുലിന്റെ യാത്രയെയും രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകപൂര്‍വ്വമാണ് ഉറ്റു നോക്കുന്നത്.

Test User: