X
    Categories: indiaNews

രാഹുലിന്റെ കോലാര്‍ സന്ദര്‍ശനം മാറ്റി; ഏപ്രില്‍ 16 ന് ജനങ്ങളെ അഭിസംബോധന ചെയ്യും

ബെംഗളൂരു: രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസിന്റെ കോലാര്‍ മഹാറാലി ഏപ്രില്‍ 16ലേക്ക് മാറ്റി. ഏപ്രില്‍ ഒമ്പതിന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികാ നിര്‍ണയം പൂര്‍ത്തിയായ ശേഷം രാഹുല്‍ സംസ്ഥാനത്തെത്തുന്നത് കൂടുതല്‍ ഗുണകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റാലി മാറ്റിയതെന്നാണ് സൂചന.

മൂന്നില്‍ രണ്ട് സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ശേഷിക്കുന്ന സ്ഥാനാര്‍ഥികളെക്കൂടി രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ ചിത്രമാകും. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ കാമ്പയിന് തുടക്കം കുറിക്കുന്നത് കോലാറില്‍ നടക്കുന്ന മഹാറിലിയോടെയാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ രാഹുല്‍ ഗാന്ധി കോലാറില്‍ നടത്തിയ മോദി കള്ളന്മാര്‍ പരാമര്‍ശത്തിന്റെ പേരിലാണ് അദ്ദേഹത്തിന് സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതും ഇതിനു പിന്നാലെ അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതും. ഇതിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് തനിച്ചും പ്രതിപക്ഷ കക്ഷികള്‍ കൂട്ടായും പ്രതിഷേധം തുടര്‍ന്നു വരികയാണ്. ഇതിനിടെ രാഹുല്‍ ഒരിക്കല്‍കൂടി കോലാറില്‍ എത്തുന്നത് വലിയ പ്രധാന്യത്തോടെയാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അദാനിക്കെതിരെയും രാഹുല്‍ എന്തു പറയും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

webdesk11: