X

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; നിയന്ത്രണം തിരിച്ചുപിടിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. രാഹുലിന്റെ പേരിലുള്ള ‘ഓഫീസ് ഓഫ് ആര്‍.ജി’ എന്ന അക്കൗണ്ടാണ് സൈബര്‍ അക്രമകാരികള്‍ അനധികൃതമായി കയ്യടക്കിയത്. ഈ ഹാന്‍ഡിലില്‍ ഉള്ള രാഹുല്‍ ഗാന്ധിയുടെ പേര് മാറ്റി പകരം Retarded Gandhi എന്ന് എഴുതിച്ചേര്‍ക്കുകയും അസഭ്യ ട്വീറ്റുകള്‍ എഴുതി വിടുകയും ചെയ്തു. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഈ അക്കൗണ്ടിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു.

തങ്ങള്‍ അസംഖ്യം പേരുണ്ടെന്നും പിടികൂടാന്‍ കഴിയില്ലെന്നുമുള്ള വീരവാദമാണ് അവസാനത്തെ ട്വീറ്റ്. സംഘ് പരിവാര്‍ അനുകൂലികള്‍ ഈ ട്വീറ്റുകള്‍ വ്യാപകമായി പ്രചരിപ്പിച്ചു.

12 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന രാഹുല്‍ഗാന്ധിയുടെ അക്കൗണ്ട് അദ്ദേഹത്തിന്റെ ഓഫീസ് ആണ് കൈകാര്യം ചെയ്യുന്നത്. ഹാക്കിങിന് കാരണമായ സുരക്ഷാ വീഴ്ച എന്താണെന്ന് വ്യക്തമല്ല. Legion (അസംഖ്യം) എന്ന സംഘമാണ് ഹാക്കിങിന് പിന്നില്‍ എന്ന് അവകാശപ്പെടുന്നു.

കറന്‍സി പിന്‍വലിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചതാണ് സംഘ് പരിവാര്‍ അനുകൂലികളായ ഹാക്കര്‍മാരെ ചൊടിപ്പിച്ചത് എന്ന് കരുതുന്നു. രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വളരെ മോശമായി വിശേഷിപ്പിക്കുന്ന ട്വീറ്റുകളാണ് ഈ അക്കൗണ്ടില്‍ നിന്ന് തുടരെ വന്നു കൊണ്ടിരിക്കുന്നത്. രാഹുലിന്റെ മുഴുവന്‍ വിവരങ്ങളും തങ്ങള്‍ ചോര്‍ത്തിയെടുക്കുമെന്ന് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു.

chandrika: