X

മലബാര്‍ മേഖലയോട് റെയില്‍വേ അവഗണന തുടരുന്നു

കോഴിക്കോട് : കോവിഡ് നിയന്ത്രണത്തിന് ഇളവു നല്‍കിയത് പ്രകാരം പുതിയ ട്രെയിനുകള്‍ അനുവദിച്ചതിലും ജനറല്‍ ടിക്കറ്റ് സംവിധാനം പുനരാരംഭിക്കുന്നതിലും ഇന്ത്യന്‍ റെയില്‍വേ മലബാര്‍ പ്രദേശത്തോട് കാണിക്കുന്നത് കടുത്ത അവഗണന. സ്‌പെഷ്യല്‍-എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ഇല്ലാതെ യാത്രചെയ്യുന്നതിന് അനുമതി നല്‍കിയവയില്‍ ഒരു ട്രെയിന്‍ പോലും മലബാര്‍ മേഖലയിലൂടെ പോകുന്നില്ല. അതേസമയം പ്രോട്ടോക്കോളിന്റെ പേര് പറഞ്ഞ് ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുകയും ചെയ്തു.

കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ട്രെയിനുകള്‍ ഏതാണ്ടെല്ലാം ഇപ്പോള്‍ ഓടുന്നുണ്ട്. പക്ഷെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതിനാല്‍ യാത്രക്കാര്‍ക്ക് വലിയ ചാര്‍ജ്ജ് നല്‍കേണ്ടി വരുന്നു. പല ട്രെയിനുകളും ഇപ്പോള്‍ ആളില്ലാതെയാണ് ഓടുന്നത്. ഈ സാഹചര്യത്തിലാണ് നഷ്ടത്തിന്റെ പേര് പറഞ്ഞ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. കടുത്ത നിയന്ത്രണത്തില്‍ ചെറിയ ഇളവുകള്‍ നല്‍കിയാല്‍ തന്നെ നഷ്ടം കുത്തനെ കുറക്കാന്‍ റെയില്‍വേക്കാകും. എന്നാല്‍ ഇതു ചെയ്യാതെ യാത്രക്കാര്‍ക്ക് ഭാരമാകുന്ന നിലപാടാണ് റെയില്‍വേ സ്വീകരിക്കുന്നതെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.

ജനറല്‍ ടിക്കറ്റിനൊപ്പം സീസണ്‍ ടിക്കറ്റും പുനസ്ഥാപിക്കണമെന്ന് കുറച്ചു നാളായി ആവശ്യമുയരുന്നുണ്ട്. റോഡ്-ജല-വ്യോമ ഗതാഗത മേഖലകളില്‍ നിന്നെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയിട്ടുണ്ട്. എന്നാല്‍ റെയില്‍വേ മാത്രം കടുപിടുത്തം തുടരുകയാണെന്ന്് പാസഞ്ചേഴ്‌സ് സംഘടനകളുള്‍പ്പെടെ കുറ്റപ്പെടുത്തുന്നു. സ്ഥിരമായി സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്തു വന്നവര്‍ക്ക് സീസണ്‍ സമ്പ്രദായം നിര്‍ത്തലാക്കിയത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വെച്ചിരിക്കുന്നത്. മാസത്തില്‍ മൂന്നോറോ നാനൂറോ രൂപ മാത്രം യാത്രക്ക് ചെലവഴിച്ചവര്‍ക്ക് ആയിരങ്ങള്‍ ഇപ്പോള്‍ ചെലഴിക്കേണ്ടി വരികയാണ്. കേരളത്തിന്റെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആവശ്യപ്പെട്ടതിന്റെ നേര്‍ വിപരീത ദിശയിലുള്ള പ്രവര്‍ത്തനങ്ങളാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

 

 

web desk 3: