X

മോദി മുക്ത ഭാരതത്തിനായി ഒരുമിക്കൂ; പ്രതിപക്ഷപാര്‍ട്ടികളോട് അണി ചേരാന്‍ ആഹ്വാനം ചെയ്ത് രാജ്താക്കറെ

മുംബൈ: മോദി മുക്ത ഭാരതത്തിനായി പ്രതിപക്ഷ പാര്‍ട്ടികളോട് ഒരുമിക്കാന്‍ ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. മുംബൈയിലെ ശിവജി പാര്‍ക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ റാലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ.

2019-ലെ തെരഞ്ഞെടുപ്പില്‍ മോദി മുക്തഭാരതത്തിനായി പ്രതിപക്ഷപാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് താക്കറെ പറഞ്ഞു. ഇന്ത്യക്ക് ആദ്യമായി 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചു. രണ്ടാം സ്വാതന്ത്ര്യം 1977-ലും ലഭിച്ചു. 2019-ല്‍ മോദി മുക്തഭാരതത്തോടെ ഇന്ത്യക്ക് മൂന്നാം തവണയും സ്വാതന്ത്ര്യം ലഭിക്കുമെന്നും താക്കറെ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് വിഷയമായി മാത്രം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയില്ല. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് വരാനുള്ള നാളുകളില്‍ കലാപം ഉണ്ടാക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. രാം മന്ദിര്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പാണ്. പക്ഷേ അത് സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തനത്തിലൂടെയായിരിക്കില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ മാധ്യമങ്ങളെ നിയന്ത്രിക്കുകയാണ്. അതിഭീകരമായ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു കീഴിലാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമസംവിധാനത്തേയും സി.ബി.ഐ പോലെയുള്ള സംവിധാനങ്ങളേയും നിയന്ത്രണത്തിലാക്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

chandrika: